എസ്.ബി.ഐ. സ്ഥിരനിക്ഷേപ പലിശ വര്‍ധിപ്പിച്ചു

Posted on: May 11, 2022

 

 

മുംബൈ: എസ്.ബി.ഐ. രണ്ടുകോടി രൂപയ്ക്കു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയില്‍ മേയ് പത്തുമുതല്‍ 0.40 ശതമാനം മുതല്‍ 0.90 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ചു. പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയായി പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും പുതിയ നിരക്ക് ബാധകമായിരിക്കും.

ഏഴുമുതല്‍ 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ മാറില്ല. നിലവിലെ മൂന്നു ശതമാനത്തില്‍ തുടരും. 46 ദിവസം മുതല്‍ 179 ദിവസം വരെ മൂന്നു ശതമാനത്തില്‍നിന്ന് 3.50 ശതമാനമായി നിരക്കു കൂടും. 180 ദിവസം മുതല്‍ 210 ദിവസം വരെ 3.10 ശതമാനത്തില്‍നിന്ന് 3.50 ശതമാനമായും 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ 3.30 ശതമാനത്തില്‍നിന്ന് 3.75 ശതമാനമായും പലിശ കൂടി. ഒന്നുമുതല്‍ രണ്ടുവരെ വര്‍ഷം പലിശ 3.60 ശതമാനത്തില്‍നിന്ന് നാലു ശതമാനത്തിലെത്തി.

രണ്ടുവര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ 3.60 ശതമാനത്തില്‍നിന്ന് 4.25 ശതമാനമായി.മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെയും അഞ്ചുമുതല്‍ പത്തു വര്‍ഷം വരെയും സ്ഥിരനിക്ഷേപങ്ങള്‍ക്ക് 3.60 ശതമാനത്തില്‍നിന്ന് 4.50 ശതമാനമായും കൂടും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എല്ലാ വിഭാഗത്തിലും അരശതമാനം പലിശ അധികമായി ലഭിക്കും.

TAGS: SBI |