ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനായി ബിഎസ്എഫ്-എസ്ബിഐ ധാരണാപത്രം

Posted on: April 5, 2022

 

കൊച്ചി :  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അതിര്‍ത്തി സുരക്ഷാ സേനയുമായി (ബിഎസ്എഫ്) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇതുവഴി സെന്‍ട്രല്‍ ആംഡ് പോലീസ് സാലറി പാക്കേജ് (സിഎപിഎസ്പി) സ്‌കീമിലൂടെ സേവനമനുഷ്ഠിക്കുന്നവര്‍ക്കും വിരമിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

കോംപ്ലിമെന്ററി പേഴ്‌സണല്‍, എയര്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് കവര്‍, ഡ്യൂട്ടി സമയത്ത് മരണപ്പെട്ടാല്‍ അധിക പരിരക്ഷ, സ്ഥിരമായ സമ്പൂര്‍ണ വൈകല്യം / ഭാഗിക വൈകല്യ പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതാണ് ഈ ധാരണാ പത്രം. വീര മരണം വരിച്ച ബിഎസ്എഫ് ജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പെണ്‍കുട്ടികളുടെ വിവാഹത്തിനും സഹായം നല്‍കുന്നതുമാണ്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പ്രായം പരിഗണിക്കാതെ, കോംപ്ലിമെന്ററി പേഴ്‌സണല്‍ അപകട (മരണ) ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ടാകും. കുടുംബ പെന്‍ഷന്‍ കാര്‍ക്കും വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകും.

ബിഎസ്എഫ് ജവാന്‍മാരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക ആനൂകൂല്യങ്ങളോടെ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട്, വ്യക്തിഗത, ഭവന, വാഹന, വിദ്യാഭ്യാസ വായ്പകള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകളും പ്രൊസസ്സിംഗ് ചാര്‍ജില്‍ പ്രത്യേക ഇളവുകളും ലഭ്യമാക്കും.

സെന്‍ട്രല്‍ ആംഡ് പോലീസ് സാലറി പാക്കേജ് വഴി ബിഎസ്എഫിന് കൂടുതല്‍ ബാങ്കിംഗ് സൗകര്യവും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബിഎസ്എഫുമായി സഹകരിക്കുന്നത് ബാങ്കിന് അഭിമാനകരമാണെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിഎസ്എഫ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. എസ് എല്‍ താവോസെന്‍ ഐപിഎസ്, എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (റീട്ടെയ്ല്‍ ബിസിനസ്) ശ്രീമതി. സലോനി നാരായന്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ (പേഴ്‌സണല്‍ ബാങ്കിങ്) ശ്രീ. ദേവേന്ദ്ര കുമാര്‍, അഡൈ്വസര്‍ (സിഎപിഎഫ്) ശ്രീ കൃഷ്ണ ചൗധരി ഐപിഎസ്(റിട്ടേര്‍ഡ്), ബിഎസ്എഫ് ഐജി (എഡിഎം) ശ്രീ രവി ഗാന്ധി, ബിഎസ്എഫ് ഡിഐജി (ഫിനാന്‍സ്) ശ്രീ. മനോജ് കുമാര്‍ യാദവ്, ഡിഐഡി (എഡിഎം) ശ്രീ. വികാസ് കുമാര്‍, എസ്ബിഐ ഡിജിഎം (സാലറി പാക്കേജ് അക്കൗണ്ട്‌സ്) ശ്രീ. പി എസ് യാദവ്, ബിഎസ്എഫിലെയും എസ്ബിഐയിലെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാ പത്രം ഒപ്പു വെച്ചത്.

 

TAGS: SBI |