മുത്തൂറ്റ് ഫിനാൻസ് യെസ് ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റ്

Posted on: January 19, 2015

Yes-Bank-Logo-big

കൊച്ചി : യെസ് ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായി മുത്തൂറ്റ് ഫിനാൻസിനെ തെരഞ്ഞെടുത്തു. സ്വർണ്ണ പണയ വായ്പാ രംഗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസുമായി ഇതുസംബന്ധിച്ച ധാരണാ പത്രം യെസ് ബാങ്ക് ഒപ്പുവച്ചു.

ഇനി മുതൽ യെസ് ബാങ്കിന്റെ സേവനങ്ങൾ മുത്തൂറ്റ് ഫിനാൻസിന്റെ 4256 ശാഖകളിലൂടെ ലഭ്യമാകും. നിക്ഷേപം സ്വീകരിക്കാത്ത ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ ഇപ്രകാരം ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റായി പ്രവർത്തിക്കാൻ അടുത്തയിടെയാണ് റിസർവ് ബാങ്ക് അനുവാദം നൽകിയത്. മുത്തൂറ്റ് ഫിനാൻസിലൂടെ നഗരങ്ങളിൽ നിന്നു ഗ്രാമീണ മേഖലയിലേക്കു കൂടുതൽ സുഗമമായി പണമയക്കാൻ യെസ് ബാങ്കുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസുമായുണ്ടായിട്ടുള്ള പങ്കാളിത്തം യെസ് ബാങ്കിന്റെ കാര്യക്ഷമത ഉയരാൻ ഇടയാക്കുമെന്ന് യെസ് ബാങ്ക് പ്രസിഡന്റ് (ഇന്നൊവേഷൻ ആൻഡ് നോളജ് മാനേജ്‌മെന്റ്) ആനന്ദ് ബജാജ് പറഞ്ഞു.