കോവിഡ് കാലത്തെ പ്രത്യേക വായ്പ സംരംഭകന് പൂര്‍ണമായി നല്‍കണമെന്ന് ഹൈക്കോടതി

Posted on: February 4, 2021

കൊച്ചി: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഹായമായ അടിയന്തര വായ്പാ ഗാരന്റി പദ്ധതി പ്രകാരമുള്ള തുക സംരംഭകന് പണലഭ്യത ഉറപ്പാക്കാനുള്ളതാണെന്ന് കോടതി. അനുവദിച്ച വായ്പാത്തുക സംരംഭകന്റെ അനുമതിയില്ലാതെ മുന്‍ ബാധ്യത തീര്‍ക്കാനായി വിനിയോഗിക്കാന്‍ ബാങ്കിനാവില്ലെന്നും ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.

ഇടുക്കി കരിങ്കുന്നത്തെ ജോയ് കുര്യാക്കോസിന് പ്രത്യേക പദ്ധതിപ്രകാരം അനുവദിച്ച വായ്പാത്തുക പൂര്‍ണമായി കൈമാറാന്‍ നിര്‍ദേശിച്ചുകൊണ്ടാണിത്. പദ്ധതിപ്രകാരം തനിക്ക് അര്‍ഹതപ്പെട്ട 48 ലക്ഷം രൂപ വായ്പയില്‍ 17.5 ലക്ഷം വിനിയോഗിക്കാനേ ബാങ്ക് അനുവദിച്ചുള്ളൂ എന്ന പരാതിയുമായാണ് ജോയ് കുര്യാക്കോസ് ഹൈക്കോടതിയെ സമീപിച്ചത്. സംരംഭകന്റെ സമ്മതത്തോടെ വായ്പാത്തുകയില്‍നിന്ന് മുന്‍ ബാധ്യത തീര്‍ക്കാന്‍ തുക പിടിക്കാമെന്ന് ദേശീയ ക്രെഡിറ്റ് ലൈന്‍ ഗാരന്റി പദ്ധതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 28 ലക്ഷം ഹര്‍ജിക്കാരനില്‍നിന്ന് ബാങ്കിന് കിട്ടാനുള്ള ബാധ്യതയിലേക്ക്, ഹര്‍ജിക്കാരന്റെ അനുമതിയോടെയാണ് വകയിരുത്തിയതെന്ന് ആക്‌സിസ് ബാങ്ക് ബോധിപ്പിച്ചു.

2020 ജൂലായ് ഒമ്പതിനാണ് പ്രത്യേക പദ്ധതി വായ്പയില്‍നിന്ന് സംരംഭകന്റെ മുന്‍ ബാധ്യത തീര്‍ക്കാന്‍ ബാങ്ക് തുക വകയിരുത്തിയതെന്ന് കോടതി വിലയിരുത്തി. അത് തന്റെ അനുമതിയില്ലാതെയാണെന്ന വാദത്തോടെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത് ഓഗസ്റ്റ് 24-നാണ്. അതിനാല്‍ ബാങ്ക് തുക പിടിച്ചത് ഹര്‍ജിക്കാരന്റെ അനുമതിയില്ലാതെയാണെന്ന് കരുതാമെന്ന് കോടതി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പദ്ധതിപ്രകാരമുള്ള വായ്പാത്തുക തീര്‍ത്തു നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

 

TAGS: Bank Loan |