പത്തനംതിട്ട ജില്ലയിൽ ബാങ്കുകൾ 1,553 കോടി രൂപ വായ്പ നൽകി

Posted on: September 9, 2020

പത്തനംതിട്ട : ജില്ലയില്‍ ആദ്യ മുന്നുമാസത്തില്‍ നല്‍കാന്‍ തീരുമാനിച്ച മുന്‍ഗണന വായ്പതുക പൂര്‍ണമായും നല്‍കി ബാങ്കുകള്‍, നേരത്തെ 1400 കോടി രൂപയാണ് വായ്പ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 1553 കോടിരൂപ നല്‍കാന്‍ കഴിഞ്ഞു.

കാര്‍ഷിക മേഖലയില്‍ 881 കോടി രൂപയും പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍ ഉള്‍പ്പെടെ കാര്‍ഷികേതര മേഖലയില്‍ 84 കോടി രൂപയും വ്യവസായ മേഖലയില്‍ 340 കോടി രൂപയും ഭവനം, വിദ്യാഭ്യാസം മേഖലയില്‍ 248 കോടി രുപയും ഉള്‍പ്പെടെ മുന്‍ഗണനാ മേഖലയില്‍ 1553 കോടി രുപ വായ്പ നല്‍കാന്‍ മൂന്നു മാസം കൊണ്ട് ബാങ്കുകള്‍ക്ക് കഴിഞ്ഞു. പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മൂന്നു മാസത്തെ പ്രവര്‍ത്തനം യോഗം അവലോകനം ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം അലക്‌സ് പി. തോമസ്, റിസര്‍വ് ബാങ്ക് ജില്ലാ ഓഫീസര്‍ പി.ജി. ഹരിദാസ്, നബാര്‍ഡ് എജിഎം വി.കെ. പ്രേംകുമാര്‍, എസ്ബി ഐ റീജിയണല്‍ മാനേജര്‍ പ്രദീപ് നായര്‍, ലീഡ് ബാങ്ക് മാനേജര്‍ വിജയകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

– കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് തെരെഞ്ഞെടുത്ത ബാങ്കുകളുടെ ജില്ലാതല അധികാരികള്‍, ഡെപ്യൂട്ടി കളക്ടര്‍ റവന്യൂ റിക്കവറി, പ്ലാനിംഗ് ഓഫീസര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, മൃഗ സംരക്ഷണ ഡയറി ഡയറക്ടര്‍, കുടുംബ ശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ ജില്ലാതല ഉദ്യോഗസ്ഥര്‍, കെഎസ്എസ്‌ഐഎ ജില്ലാ പ്രസിഡന്റ് മോര്‍ലി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യവസായികള്‍ക്കു നല്‍കുന്ന ആത്മനിര്‍ഭര്‍ ഭാരത് വായ്പ, കുടുംബശ്രീ വഴി നല്‍കുന്ന മുഖ്യമന്ത്രിയുടെ സഹായ പദ്ധതി, വഴിയോരക്കച്ചവടക്കാര്‍ക്കുള്ള വായ്പ, പശു വളര്‍ത്തല്‍ ആവശ്യത്തിനു നല്‍കുന്ന നാലു ശതമാനം പലിശ വായ്പ, സ്വര്‍ണപ്പ ണയ കാര്‍ഷിക വായ്പ എന്നിവയോഗം വിലയിരുത്തി. ബജറ്റ് അനുസരിച്ച് കൂടുതല്‍ വായ്പ നല്‍കാനും യോഗം തീരുമാനിച്ചു.

 

TAGS: Bank Loan |