എസ് ബി ഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ പേയ്മെന്റ് സൗകര്യം

Posted on: September 24, 2020

ന്യൂഡല്‍ഹി : എസ് ബി ഐ ഗൂഗിളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയിലൂടെ ഇടപാടു നടത്താനുള്ള സൗകര്യം ഒരുക്കുന്നു. കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയിലൂടെ കൂടുതല്‍ സുരക്ഷിതമായി മൂന്നു രീതികളില്‍ പേയ്മെന്റുകള്‍ നടത്താം. എന്‍എഫ്സി സാധ്യമായ പിഒഎസ് ടെര്‍മിനലുകളില്‍ ടാപ്പ് ചെയ്ത് പേ ചെയ്യാം, വ്യാപാരികളുമായി ഭാരത് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇടപാടു നടത്താം, ക്രെഡിറ്റ് കാര്‍ഡ് നേരിട്ട് ഉപയോഗിക്കാതെ തന്നെ ഓണ്‍ലൈന്‍ പേയ്മെന്റുകളും നടത്താം. സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവതരണം.
ടോക്കണ്‍വല്‍ക്കരിക്കുന്നതിലൂടെ ഏറ്റവും സുരക്ഷിതമായ പേയ്മെന്റ് അനുഭവമാണ് പ്രദാനം ചെയ്യുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് ഫോണില്‍ നല്‍കിയിട്ടുള്ള ടോക്കണ്‍ ഉപയോഗിച്ച് ഗൂഗിള്‍ പേയിലൂടെ ഇടപാടു നടത്താനുള്ള സൗകര്യമുണ്ട്.

കാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഷെയര്‍ ചെയ്യേണ്ടി വരുന്നില്ല. രാജ്യമൊട്ടാകെ വ്യാപാരികളുടെ അംഗീകാരം നേടിയിട്ടുള്ള പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ പേ. ഈ സഹകരണത്തിലൂടെ, എസ് ബി ഐ കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേ വഴി പണമടയ്ക്കാനുള്ള സൗകര്യം നല്‍കാനും അവരുടെ മൊബൈല്‍ ഫോണുകളില്‍ സുരക്ഷിതമായ പേയ്‌മെന്റ് അനുഭവം ലഭ്യമാക്കാനും എസ് ബി ഐ കാര്‍ഡ് ലക്ഷ്യമിടുന്നു. നിലവില്‍ വിസ പ്ലാറ്റ്ഫോമില്‍ എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്.

കാര്‍ഡ് ഉടമകള്‍ എസ് ബി ഐ കാര്‍ഡ് ഗൂഗിള്‍ പേ പ്ലാറ്റ്ഫോമില്‍ ഒരു തവണ രജിസ്റ്റര്‍ ചെയ്യണം. ഇതിന് ആന്‍ഡ്രോയിഡ് ഫോണില്‍ ഏറ്റവും പുതിയ ഗൂഗിള്‍ പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. പേമെന്റ് സെറ്റിംഗ്സില്‍ ‘ആഡ് കാര്‍ഡ്’ അമര്‍ത്തുക. കാര്‍ഡ് ഉടമയുടെ പേര്, കാര്‍ഡ് നമ്പര്‍, കാലാവധി, സിവിവി എന്റര്‍ ചെയ്ത് ഒടിപിയിലൂടെ സ്ഥിരീകരിക്കുക. ഇത് പൂര്‍ത്തിയായാല്‍ ഇടപാടുകള്‍ നടത്താം.

ഉപഭോക്താക്കളുടെ ജീവിതം ലളിതവും മികവുറ്റതുമാക്കാന്‍ എസ് ബി ഐ എന്നും നവീകരണങ്ങള്‍ തുടരുന്നുവെന്നും ഗൂഗിള്‍ പേയുമായുള്ള സഹകരണവും ഇതിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നും ഇതിലൂടെ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായൊരു പേയ്മെന്റ് പരിഹാരമാണ് ലഭ്യമാകുന്നതെന്നും ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ മൊബൈല്‍ ഫോണില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലും മാറ്റങ്ങളുണ്ടായെന്നും ഗൂഗിളുമായുള്ള ഈ സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും തടസങ്ങളില്ലാത്തതുമായ പേയ്മെന്റ് സംവിധാനമാണ് ലഭ്യമാകുന്നതെന്നും എസ്ബിഐ കാര്‍ഡ് എംഡിയും സിഇഒയുമായ അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.

ടോക്കണ്‍വല്‍ക്കരണം പോലുള്ള ആഗോള നിലവാര സംവിധാനത്തോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന സുരക്ഷ ലഭ്യമാക്കുന്നതിനായി എസ്ബിഐയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പേയ്മെന്റുകള്‍ കുടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഗൂഗിള്‍ പേ, നെക്സ്റ്റ് ബില്യന്‍ യൂസേഴ്സ് ഇന്ത്യ ബിസിനസ് മേധാവി സജിത് ശിവാനന്ദന്‍ പറഞ്ഞു.

TAGS: SBI |