ചെറുകിട വായ്പ പുനര്‍ക്രമീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രഖ്യാപിച്ച് എസ്ബിഐ

Posted on: September 23, 2020

കൊച്ചി : കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചെറുകിട വായ്പ പുനര്‍ക്രമീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എസ്ബിഐ പ്രഖ്യാപിച്ചു. ഇതിനായി ബാങ്ക് പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കും.

ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇടപാടുകാര്‍ക്ക് അവരുടെ വായ്പയോഗ്യത എവിടെയിരുന്നും വേണമെങ്കിലും പരിശോധിക്കാനും പുനര്‍ക്രമീകരിക്കാനും സാധിക്കും. എസ് ബി ഐ
ഇടപാടുകാര്‍ക്ക് അക്കൗണ്ട് നമ്പര്‍ നല്‍കി പോര്‍ട്ടലില്‍ ലോഗ് -ഇന്‍ ചെയ്യാം. ഒ ടി പി ഉപയോഗിച്ച് അക്കൗണ്ടിന്റെ സാധുത ഉറപ്പാക്കിയശേഷം ബാങ്ക് ആവശ്യപ്പെടുന്ന ഏതാനും വിവരങ്ങള്‍ നല്‍കി ഇടപാടുകാരന് തന്റെ യോഗ്യത മനസിലാക്കാം. ഇതോടൊപ്പം ഒരു റഫറന്‍സ് നമ്പരും ലഭിക്കും.

ഈ റഫറന്‍സ് നമ്പരിന് 30 ദിവസത്തെ സാധുതയുണ്ടായിരിക്കും. ഈ കാലയളവിനുള്ളില്‍ ഇടപാടുകാരന് ശാഖ സന്ദര്‍ശിച്ച് വായ്പ പുനര്‍ക്രമീകരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാമെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ (റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് ) സി. എസ്. സെറ്റി പറഞ്ഞു. ശാഖയിലേക്കു പോകുന്നതിനു മുമ്പു തന്നെ തങ്ങളുടെ യോഗ്യത പരിശോധിക്കാന്‍ കഴിയുന്നത് ഇടപാടുകാര്‍ക്ക് സൗകര്യപ്രദമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

 

TAGS: SBI |