സെൽഫ്-സർവീസ് ഡെലിവറി സൗകര്യവുമായി ഐസിഐസിഐ ബാങ്കിന്റെ ഐബോക്സ്

Posted on: January 29, 2020

കൊച്ചി : ഉപഭോക്താക്കൾക്ക് ആവശ്യമായ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ചെക്ക് ബുക്ക്, റിട്ടേൺ ചെക്കുകൾ തുടങ്ങിയവ വീടിന് അല്ലെങ്കിൽ ഓഫീസിന് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിൽ നിന്നും ഏതു സമയത്തും തടസമില്ലാതെ സ്വയം സ്വീകരിക്കാവുന്ന നൂതന സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു. ‘ഐബോക്സ്’ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം രാജ്യത്തെ 17 നഗരങ്ങളിലെ 50 ഓളം ബ്രാഞ്ചുകളിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.

പ്രവൃത്തി ദിവസങ്ങളിൽ ഇത്തരം പാക്കേജുകൾ വീട്ടിൽ സ്വീകരിക്കാൻ ലഭ്യമല്ലാത്ത ഉപഭോക്താക്കൾക്ക് ഇത് ഉപകാരപ്രദമാണ്. ഐബോക്സ് ടെർമിനലുകൾ ബാങ്കിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഏതു സമയത്തും സൗകര്യം ഉപയോഗിക്കാം. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് അവധി ദിവസം ഉൾപ്പടെ ഒടിപി അധിഷ്ഠിതമായ ഈ സംവിധാനം ഉപയോഗിക്കാം. അതുകൊണ്ടു തന്നെ പൂർണമായും സുരക്ഷിതവുമാണ്.

പൂർണമായും ഓട്ടോമാറ്റിക്കായ ഈ സംവിധാനത്തിലൂടെ ഡെലിവറി വസ്തുവിനെ കുറിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ എസ്എംഎസ് വഴി ഉപഭോക്താവിന് ലഭിച്ചുകൊണ്ടിരിക്കും. പാക്കേജ് ഐബോക്സിൽ എത്തുമ്പോൾ ഉപഭോക്താവിന് ഐബോക്സിന്റെ ജിപിഎസ് ലൊക്കേഷൻ ഉൾപ്പടെ ഒടിപിയും ക്യൂആർ കോഡും ലഭിക്കും. ഉപഭോക്താവിന് ഐബോക്സ് സന്ദർശിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകി ഒടിപി അല്ലെങ്കിൽ ക്യൂആർ കോഡ് ഉപയോഗിച്ച് ബോക്സ് തുറന്ന് പാക്കേജ് എടുക്കാം. ഏഴു ദിവസം വരെ പാക്കേജുകൾ ബോക്സിൽ ഉണ്ടാകും. ഉപഭോക്താവിന് ഇവ ലഭ്യമാക്കാൻ പ്രവൃത്തി സമയത്ത് ബാങ്ക് ബ്രാഞ്ചുകൾ സന്ദർശിക്കേണ്ടി വരുന്നില്ല.

ഉപഭോക്താവിന്റെ സൗകര്യങ്ങൾ വർധിപ്പിക്കാൻ തങ്ങൾ എന്നും നൂതനമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നുവെന്നും ഉപഭോക്താവിന് ബാങ്കിൽ നിന്നും ലഭിക്കേണ്ട വസ്തുക്കൾ സൗകര്യപ്രദമായി ലഭ്യമാക്കുന്നതിനാണ് ഐബോക്സ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഈ സൗകര്യം അവധി ദിവസം ഉൾപ്പെടെ ഏഴു ദിവസം 24 മണിക്കൂറും ലഭ്യമാണെന്നും ഐസിഐസിഐ ബാങ്ക് പ്രസിഡന്റ് സന്ദീപ് ബത്ര പറഞ്ഞു.