ഐമൊബൈല്‍ വഴി എടിഎമ്മിലൂടെ കാര്‍ഡ് ഇല്ലാതെ ഇടപാടുനടത്താനുളള സൗകര്യവുമായി ഐസിഐസിഐ ബാങ്ക്

Posted on: January 22, 2020

കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍നിന്ന് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ഇടപാടുകാര്‍ക്ക് ഇനി പണം പിന്‍വലിക്കാം. ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ആയ ‘ഐമൊബൈല്‍’ വഴി നല്‍കുന്ന അഭ്യര്‍ത്ഥന വഴിയാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക.

വളരെ ലളിതവും സൗകര്യപ്രദവുമായ ഈ സേവനം ബാങ്കിന്റെ രാജ്യത്തെ 15000ത്തിലധികം വരുന്ന എടിഎമ്മുകളില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പ്രതിദിന പരിധി 20,000 രൂപയാണ്. ഡെബിറ്റ് കാര്‍ഡ് കൊണ്ടുനടക്കാന്‍ ആഗ്രഹിക്കാത്ത ഇടപാടുകാര്‍ക്ക് സ്വന്തമായി പണം പിന്‍വലിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു.

വളരെ വേഗത്തിലും സുരക്ഷിതമായും ലളിതമായും ഐസിഐസിഐ എടിഎമ്മുകളില്‍നിന്നും ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ കഴിയുന്നത് ഇടപാടുകാര്‍ക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുമെന്ന് ഈ സംവിധാനം പുറത്തിറക്കികൊണ്ട് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു.

TAGS: ICICI BANK |