എസ് ബി ഐ ആർബിബിജി പദ്ധതി അവതരിപ്പിച്ചു

Posted on: January 9, 2020

കൊച്ചി : എസ് ബി ഐ ഭവന വായ്പകൾ എടുക്കുന്ന ഉപഭോക്താക്കൾക്ക് അവർ നിക്ഷേപിക്കുന്ന പദ്ധതി പൂർത്തീകരിക്കുമെന്ന് ഉറപ്പു നൽകുന്ന റെസിഡൻഷ്യൽ ബിൽഡർ ഫിനാൻസ് വിത്ത് ബയർ ഗാരണ്ടി (ആർബിബിജി) പദ്ധതി അവതരിപ്പിച്ചു. ബാങ്ക് തന്നെ ധനസഹായം നൽകുന്ന പദ്ധതികൾക്കാണ് ഇത്തരം ഉറപ്പു നൽകുന്നത്. പദ്ധതികൾ പൂർത്തികരിക്കാതെ പോകുന്നതിനെതിരെ ഉപഭോക്താക്കൾക്ക് സാമ്പത്തികമായ പരിരക്ഷ നൽകുന്നതാണ് പദ്ധതി.

രാജ്യത്തെ എഴു നഗരങ്ങളിലായി 2.50 കോടി രൂപ വരെ വില വരുന്ന വീടുകൾക്കായാണ് തുടക്കത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം ബാങ്കിന്റെ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമാതാക്കൾക്ക് 50 കോടി മുതൽ 400 കോടി രൂപ വരെയുള്ള വായ്പകൾ പ്രയോജനപ്പെടുത്താം. സ്റ്റാർ റേറ്റിഗും സിബിൽ സ്‌ക്കോറും ഉൾപ്പെടെയുള്ളവ അടങ്ങിയതാണ് മാനദണ്ഡങ്ങൾ.

തങ്ങൾ അധ്വാനിച്ചു സമ്പാദിച്ച പണം സുരക്ഷിതമാക്കാൻ വീടുകൾ വാങ്ങുന്നവരെ സഹായിക്കുന്നതാണ് ആർബിബിജി പദ്ധതിയെന്ന് എസ് ബി ഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. ഇതേ സമയം തന്നെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉണർവിനും പദ്ധതി സഹായകമാകും. നിർമാതാക്കളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുന്നതു തങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.