എസ്. ബി. ഐ. ഏഴാം തവണയും പലിശ കുറച്ചു

Posted on: November 9, 2019

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്. ബി. ഐ.) സ്ഥിര നിക്ഷേപത്തിന്റെയും എം. സി. എല്‍. ആര്‍ അധിഷ്ഠിത വായ്പകളുടെയും പലിശനിരക്കുകള്‍ വീണ്ടും കുറച്ചു. ഈ സാമ്പത്തിക വര്‍ഷം ഏഴാം തവണയാണ് ബാങ്ക് പലിശ കുറയ്ക്കുന്നത്. നവംബര്‍ പത്തുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകും. എം. സി. എല്‍. ആര്‍. വായ്പാ പലിശയില്‍ കാലാവധിയനുസരിച്ച് എല്ലാ വിഭാഗത്തിലും 0.05 ശതമാനമാണ് കുറവ്. രണ്ടുകോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളില്‍ ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെയുള്ളതിന് നിരക്ക് 6.40 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി കുറച്ചു. മറ്റു കാലയളവുകളില്‍ മാറ്റമുണ്ടാകില്ല.

രണ്ടുകോടി രൂപയ്ക്കു മുകളിലുള്ള സ്ഥിരനിക്ഷേപ പലിശയില്‍ 0.30 ശതമാനം മുതല്‍ 0.75 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. പണലഭ്യത ആവശ്യത്തിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ നിരക്കുപ്രകാരം ഏഴു ദിവസം മുതല്‍ 45 ദിവസം വരെ നാലുശതമാനമായിരിക്കും പലിശ. അതിനുമുകളിലേക്ക് 179 ദിവസംവരെയുള്ളത് 4.75 ശതമാനവും അതിനും മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനമായിരിക്കും പുതിയ നിരക്ക്. എല്ലാ സ്ഥിര നിക്ഷേപങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം കൂടുതല്‍ പലിശ ലഭിക്കും

TAGS: SBI |