20 ലക്ഷം ഫാസ്റ്റ്ടാഗ് ഇടപാടുകളുമായി ഐസിഐസിഐ ബാങ്ക്

Posted on: October 31, 2019

കൊച്ചി: രാജ്യത്ത് മറ്റേതൊരു സാമ്പത്തിക സ്ഥാപനത്തേക്കാളം കൂടുതലായി 20 ലക്ഷം ഫാസ്റ്റ്ടാഗ് ഇടപാടുകളുമായി ഐസിഐസിഐ ബാങ്ക് പുതിയ നാഴികക്കല്ലു പിന്നിട്ടു. ആടുത്ത ആറുമാസത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

ദേശീയ പാത അതോറിറ്റിയുടെ ഇലക്ട്രോണിക് ടോളും അനുബന്ധ പദ്ധതികളും നടപ്പിലാക്കുന്ന ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡിന്റെ പേരാണ് ഫാസ്റ്റ്ടാഗ്. ഈ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഉപകരണ ടാഗ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കുന്നു. റീലോഡ് ചെയ്യാവുന്ന ഈ ടാഗുകളിലൂടെ ടോള്‍ പ്ലാസയിലൂടെ വാഹനം കടന്നു പോകുമ്പോള്‍ നിര്‍ത്തി പണമിടപാടു നടത്താതെ തന്നെ ചാര്‍ജുകള്‍ തനിയെ എടുക്കപ്പെടുന്നു. ഉപയോഗിക്കാന്‍ ഏറെ ലളിതം.

ഐസിഐസിഐ ബാങ്ക് ഇലക്ട്രോണിക് ടോള്‍ കളക്ഷനില്‍ മൂല്യത്തിലും വ്യാപ്തിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഫാസ്റ്റ്ടാഗുകളുടെ എണ്ണം നോക്കിയാല്‍ വിപണിയുടെ പകുതിയിലധികം പങ്കാളിത്തം ബാങ്കിനാണ്. മൂല്യത്തിന്റെ കാര്യത്തില്‍ ബാങ്കിന്റെ പങ്കാളിത്തം 60 ശതമാനത്തിലധികം വരും. സെപ്റ്റംബറില്‍ ആകെ നടന്ന 2.90 കോടി ഫാസ്റ്റ്ടാഗ് ഇടപാടുകളില്‍ 1.54 കോടി, അതായത് ഏതാണ്ട് 395 കോടി രൂപയുടെ ഇടപാട് ഐസിഐസിഐ ബാങ്കിലൂടെയായിരുന്നു.

ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ നടപ്പിലാക്കുന്നതില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മുംബൈ-വഡോദര ഇടനാഴിയിലൂടെ ആദ്യമായി നൂതനമായ ഈ സംവിധാനം നടപ്പിലാക്കിയത് ഐസിഐസിഐ ബാങ്കാണെന്നും പുതിയ നാഴികക്കല്ലുകള്‍ കുറിച്ചുകൊണ്ട് ഇപ്പോള്‍ എല്ലാ ബാങ്കുകള്‍ക്കും ഇന്റര്‍-ഓപറേറ്റബിലിറ്റിയില്‍ പുതിയ ദേശീയ സ്റ്റാന്‍ഡേര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും ഐസിഐസിഐ ബാങ്ക് അണ്‍സെക്യൂര്‍ഡ് അസറ്റ്സ് ഹെഡ് മേധാവി സുദീപ്ത റോയ് പറഞ്ഞു.

TAGS: ICICI BANK |