ഐ. സി. ഐ. സി ഐ. ബാങ്കില്‍ നോട്ടെണ്ണാന്‍ യന്ത്രമനുഷ്യര്‍

Posted on: August 29, 2019

മുംബൈ : പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി. ഐ ബാങ്ക് കറന്‍സി ചെസ്റ്റുകളില്‍ നോട്ടെണ്ണുന്നതിന് യന്ത്രമനുഷ്യരെ (റോബോട്ടുകള്‍) നിയോഗിച്ചു. 12 നഗരങ്ങളിലായി 14 യന്ത്രമനുഷ്യരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസസ് മേധാവി അനുഭൂതി സാംഘ് വി അറിയിച്ചു.

മുംബൈ, സാംഗ്ലി, ന്യൂഡല്‍ഹി, ബെംഗളൂരു, മംഗളൂരൂ, ജയ്പൂര്‍, ഹൈദരാബാദ്, ചണ്ഡീഗഢ്, ഭോപാല്‍, റായ്പുര്‍, സിലിഗുഡി, വാരാണസി എന്നിവിടങ്ങളിലെ കറന്‍സി ചെസ്റ്റുകളിലാണ് റോബോട്ടിക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവസം 60 ലക്ഷം നോട്ടുകളാണ് യന്ത്രമനുഷ്യന്‍ എണ്ണുന്നത്.

നോട്ടുകള്‍ തരംതിരിക്കാനും മോശം നോട്ടുകള്‍ മാറ്റുന്നതിനും ഇത് വേഗം കൂട്ടും. ഇത്തരം ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്ന ആളുകളെ കൂടുതല്‍ കാര്യക്ഷമമായി സൂപ്പര്‍വൈസറി ജോലികളിലേക്കു മാറ്റുമെന്നും അവര്‍ സൂചിപ്പിച്ചു. 70 മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സെന്‍സറുകളാണ് യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

ഇന്ത്യയില്‍ നോട്ടെണ്ണുന്നതിന് റോബോട്ടിക സംവിധാനം കൊണ്ടുവരുന്ന ആദ്യ വാണിജ്യബാങ്കാണ് ഐ.സി.ഐ.സി.ഐ. ബാങ്ക്.

TAGS: ICICI BANK |