വാഹന, ഭവന, വ്യക്തിഗത വായ്പകൾക്ക് ഇളവുകളുമായി എസ് ബി ഐ

Posted on: August 20, 2019

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെറുകിട വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്കും പ്രോസസിംഗ് ഫീ ഇളവും അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കാർ വായ്പകൾക്ക് ഉത്സവ കാലത്ത് പ്രോസസിംഗ് ഫീസ് ഇളവു നൽകും.

ഇതോടൊപ്പം പലിശ നിരക്കിൽ ഉയർച്ചയുണ്ടാകാത്ത രീതിയിൽ 8.7 ശതമാനം മുതലുള്ള പലിശ നിരക്കും ലഭ്യമാക്കും. ഡിജിറ്റൽ സംവിധാനമായ യോനോ വഴിയോ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കുന്നവർക്ക് 25 അടിസ്ഥാന പോയിന്റുകളടെ ഇളവും നൽകും. ശമ്പളക്കാർക്ക് കാർ റോഡിലിറക്കാനുള്ള വിലയുടെ 90 ശതമാനം വരെ വായ്പ നൽകും.

20 ലക്ഷം രൂപ വരെയുള്ള പേഴ്സണൽ വായ്പകൾക്ക് 10.75 ശതമാനം പലിശയും ആറു വർഷം വരെ കാലാവധിയും ലഭിക്കും. സാലറി അക്കൗണ്ടുള്ളവർക്ക് യോനോ വഴി നാലു ക്ലിക്കുകളിലൂടെ അഞ്ചു ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. 8.25 ശതമാനം മുതലുളള നിരക്കിൽ വിദ്യാഭ്യാസ വായ്പയും ലഭിക്കും. ഇന്ത്യൻ സ്ഥാപനങ്ങളിലെ പഠനത്തിന് 50 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന് ഒന്നര കോടി രൂപ വരെയും വായ്പ ലഭിക്കും. ബാങ്ക് ഇപ്പോൾ 8.05 ശതമാനം പലിശ നിരക്കുള്ള ഭവന വായ്പയും നൽകുന്നുണ്ട്. സെപ്റ്റംബർ ഒന്നുമുതൽ പുതിയ നിരക്കു ബാധകമാകും.