എസ്.ബി.ഐ. നിക്ഷേപ പലിശ കുറച്ചു

Posted on: July 30, 2019

മുംബൈ : എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ എസ്.ബി.ഐ. കുറച്ചു. പലിശ നിരക്കുകള്‍ താഴുന്നതിനാലും പണലഭ്യത ആവശ്യത്തിനുള്ളതിനാലുമാണിത്. പുതിയ നിരക്ക് ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരും.

ദീര്‍ഘകാലാവധിയുള്ള നിക്ഷേപങ്ങളുടെ (രണ്ടു കോടി രൂപയ്ക്കു താഴെയുള്ള) പലിശ നിരക്കില്‍ 20 ബേസിസ് പോയിന്റ്ും അതിനു മുകളിലുള്ള (രണ്ടു കോടി രൂപയും അതില്‍ കൂടുതലും) തുകയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 35 ബേസിസ് പോയിന്റുമാണ് കുറച്ചിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാരുടെ പലിശയും കുറച്ചിട്ടുണ്ട്.

179 ദിവസത്തിനു താഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ അടിസ്ഥാനനിരക്കില്‍ 50 മുതല്‍ 75 പോയിന്റു വരെ കുറവ് വരുത്തിയിട്ടുണ്ട്.

ഇതു പ്രകാരം ഏഴു മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് അഞ്ചു ശതമാനം. 46 മുതല്‍ 179 ദിവസം വരെ 5.75 ശതമാനം. 180 മുതല്‍ 210 ദിവസം വരെ 6.25 ശതമാനം, 211 മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 6.25 ശതമാനം, ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ 6.80 രണ്ടു മുതല്‍ മൂന്നുവര്‍ഷം വരെയുള്ളതിന് 6.7 ശതമാനം, മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ 6.60 ശതമാനം. അഞ്ചു മുതല്‍ 10 വര്‍ഷം വരെ 6.50 ശതമാനം എന്നിങ്ങനെയാണ് പുതിയ പലിശനിരക്ക്.
ഈയിടെ സര്‍ക്കാര്‍ എന്‍.എസ്.സി., കിസാന്‍ വികാസ് പത്ര, പി.പി.എഫ്. തുടങ്ങിയവയുടെ പലിശ അടിസ്ഥാന നിരക്കില്‍ 10 പോയിന്റ് കുറച്ചിരുന്നു.

ജൂണ്‍ അവസാനം ആര്‍.ബി.ഐ. റിപ്പോ നിരക്ക് കുറച്ചതിനെത്തുടര്‍ന്നാണ് ഈ പദ്ധതികളുടെ പലിശ നിരക്കും പരിഷ്‌ക്കരിച്ചത്.

TAGS: SBI |