കയറ്റുമതി സേവനങ്ങളുടെ ചാര്‍ജ് എസ്ബിഐ സെപ്റ്റംബര്‍ 1 മുതല്‍ പുതുക്കും

Posted on: July 27, 2019

കൊച്ചി: കയറ്റുമതിയുമായി ബന്ധപ്പെട്ടു നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ചാര്‍ജ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബര്‍ ഒന്നു മുതല്‍ യുക്തിസഹമായി പരിഷ്‌കരിക്കും. ഇതനുസരിച്ച് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഇടപാടുകാര്‍ക്ക് കയറ്റുമതി വായ്പയുടെ 0.1 ശതമാനം സര്‍വീസ് ചാര്‍ജായി നല്‍കിയാല്‍ മതി. വായ്പ അനുവദിക്കുന്ന സമയത്തോ പുതുക്കുന്ന സമയത്തോ ചാര്‍ജ് നല്‍കാം. പുറമേ ജിഎസ്ടിയും നല്‍കണം. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഇടപാടുകാര്‍ക്കും നോണ്‍ എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഇടപാടുകാര്‍ക്കുമുള്ള ചാര്‍ജുകള്‍ രണ്ടായി തരംതിരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതോടെ കയറ്റുമതിക്കാര്‍ക്ക് ചാര്‍ജിന്റെ ഘടന മനസിലാക്കാന്‍ സാധിക്കും. വിവിധ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ചാര്‍ജ് പരിഷ്‌കരിക്കുന്നത്. പുതുക്കിയ ചാര്‍ജുകള്‍ വര്‍ഷത്തിലൊരിക്കല്‍ ഒരുമിച്ച് അടയ്ക്കണം. ഓരോ ഇടപാടിനും അതാതു സമയത്ത് ചാര്‍ജ് ഈടാക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. പുതിയ രീതി കയറ്റുമതിക്കാര്‍ക്ക് വളരെയധികം പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുമെന്ന് ബാങ്ക് കരുതുന്നു.

TAGS: SBI |