മൊബൈൽ ബാങ്കിംഗിൽ ഐസിഐസിഐ ബാങ്ക് മുന്നിൽ

Posted on: November 4, 2015

ICICI-Bank-Mobile-Banking-B

കൊച്ചി : മൊബൈൽ ബാങ്കിംഗിൽ മറ്റു ബാങ്കുകളെ പിന്തള്ളി ഐസിഐസിഐ ബാങ്ക് മുന്നിൽ. ജൂലൈയിൽ 6,800 കോടി രൂപയുടെ ഇടപാടുകളാണ് ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് സംവിധാനത്തിലൂടെ നടത്തിയത്. ജൂലൈയിലെ ഇടപാടുകളുടെ എണ്ണം 53.2 ലക്ഷമാണ്.
ഐസിഐസിഐ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഐ- മൊബൈൽ അടുത്തയിടെ നവീകരിച്ചു പുറത്തിറക്കിയതാണ് ഇടപാടുകൾ കുത്തനെ ഉയർന്നതിന്റെ കാരണങ്ങളിലൊന്ന്. നടപ്പുവർഷം മൊബൈൽ ബാങ്കിംഗിലൂടെ 80,000 കോടി രൂപയുടെ ഇടപാടുകളാണ് ലക്ഷ്യം വച്ചിട്ടുള്ളത്.

ഭവന വായ്പ കമ്പനിയായ എച്ച്ഡിഎഫ്‌സി 6461 കോടി രൂപയുടെ ഇടപാടു നടത്തി രണ്ടാം സ്ഥാനത്തെത്തി. ബാങ്കിംഗ് മേഖലയിൽനിന്നുള്ള ആക്‌സിസ് ബാങ്ക് ജൂലൈയിൽ 2590 കോടി രൂപയുടെ ഇടപാടു നടത്തിയപ്പോൾ കോട്ടക് ബാങ്ക് 1713 കോടി രൂപയുടേയും സിറ്റി ബാങ്ക് 474 കോടി രൂപയുടേയും മൊബൈൽ ബാങ്കിംഗ് ഇടപാടു നടത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ മൊബൈൽ ബാങ്കിംഗ് ഇടപാട് ജൂലൈയിൽ 1907 കോടി രൂപയുടേതാണ്.

മൊബൈലിലൂടെ നടത്തിയ ഇടപാടുകളുടെ എണ്ണത്തിൽ എസ്ബിഐയാണ് മുന്നിൽ. ബാങ്ക് രേഖപ്പെടുത്തിയത് 80.8 ലക്ഷം ഇടപാടുകളാണ്. ആക്‌സിസ് ബാങ്ക് 32.6 ലക്ഷവും കോട്ടക് ബാങ്ക് 11.9 ലക്ഷവും ഇടപാടുകൾ രജിസ്റ്റർ ചെയ്തു. എച്ച്ഡിഎഫ്‌സി 21 ലക്ഷം ഇടപാടുകളാണ് രജിസ്റ്റർ ചെയ്തത്.

റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് 2014-15-ൽ ഐസിഐസിഐ ബാങ്ക് മൊബൈൽ ബാങ്കിംഗിലൂടെ നടത്തിയ ഇടപാടുകൾ 16,000 കോടി രൂപയുടേതാണ്. നടപ്പുവർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ തന്നെ ബാങ്ക് ഈ ലക്ഷ്യം മറി കടന്നിരുന്നു.

സ്വന്തമായി പേമെന്റ് ഗേറ്റ്‌വേയുള്ള ഏകബാങ്കായ ഐസിഐസിഐ ബാങ്ക് മൊബൈൽ ബാങ്കിംഗ് ഇടപാടിൽ വൻ വിജയം കൈവരിച്ചിരിക്കുകയാണെന്നു ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു. സ്വന്തമായി പേമെന്റ് ഗേറ്റ്‌വേ ഉള്ളതിനാൽ ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ചുള്ള ആപ്ലിക്കേഷനുകൾ ലഭ്യമാക്കുവാൻ ബാങ്കിനു കഴിയുന്നുണ്ട്. മുൻവർഷം ആദ്യ ക്വാർട്ടറിനേക്കാൾ 700 ശതമാനം വളർച്ചയാണ് ഷോപ്പിംഗിലുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐ-മൊബൈൽ ആപ്‌ളിക്കേഷൻ വഴി നൂറ്റിയിരുപത്തിയഞ്ചോളം സേവനങ്ങളാണ് ബാങ്ക് ഇടപാടുകാർക്കു മുമ്പിൽ എത്തിച്ചിട്ടുള്ളത്. ഫണ്ട് ട്രാൻസ്ഫർ മുതൽ പ്രീപെയ്ഡ് മൊബൈൽ റീച്ചാർജ് വരെയുള്ള സേവനങ്ങൾ ഇതിലുൾപ്പെടുന്നു. വിദേശനാണ്യ വിനിമയം, മ്യൂച്വൽ ഫണ്ട് വാങ്ങൽ തുടങ്ങിയവ ഐ-മൊബൈലിലൂടെ നടത്താം.

ബാങ്കിന്റെ ഇടപാടുകളുടെ 60 ശതമാനത്തോളം ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് വഴിയാണിപ്പോൾ. മാത്രവുമല്ല മൊബൈൽ ബാങ്കിംഗിലൂടെ സംഭവിക്കുന്ന ഇടപാടുകളിൽ പകുതിയിലധികവും രാജ്യത്തെ 20 മുൻനിര നഗരങ്ങൾക്കു പുറത്തുനിന്നുമാണെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ ആദ്യ ഡിജിറ്റൽ ബാങ്കായ ‘പോക്കറ്റ്‌സും’ മൊബൈൽ ബാങ്കിന്റെ ദ്രുത വളർച്ചയ്ക്കു സഹായകമായിട്ടുണ്ട്. ഡിജിറ്റൽ വാലറ്റായ പോക്കറ്റ് ഇതുവരെ 25 ലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തത്. ഇതിൽ 70 ശതമാനവും ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാരല്ല. പോക്കറ്റ് ഉപയോക്തക്കൾക്കായി ബാങ്ക് എം-വിസ എന്ന പേരിൽ മൊബൈൽ പേമെന്റ് സൊലൂഷനും പുറത്തിറക്കിയിരുന്നു. ഇതുപയോഗിച്ച് പോക്കറ്റ് ഉപയോക്താക്കൾക്കു സ്മാർട്ട്‌ഫോൺ വഴി കാഷ്‌ലെസ് പേമെന്റ് നടത്താൻ കഴിയും.