ഐസിഐസിഐ ബാങ്കിൽ എം വിസ പേമെന്റ് സംവിധാനം

Posted on: October 9, 2015

ICICI-Bank-M-visa-Big

കൊച്ചി: വിസയുടെ പുതിയ മൊബൈൽ പേമെന്റ് സൊല്യൂഷൻ ആയ എം വിസ ഉപയോഗിച്ച് സ്മാർട്ട് ഫോൺ വഴി ഇലക്‌ട്രോണിക് ആയി പണം കൊടുക്കുവാനുളള സംവിധാനം ഐസിഐസിഐ ബാങ്ക് ആരംഭിച്ചു. കടകൾ, ഇ-കൊമേഴ്‌സ്, റേഡിയോ ടാക്‌സി, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങൾക്കു എം വിസ സൗകര്യം ഉപയോഗിക്കാം. എം വിസ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ഒരേപോലെ ഉപയോഗിക്കാവുന്ന മൊബൈൽ ആപ്ലിക്കേഷൻ ആഗോളതലത്തിൽ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.

എംവിസയിലെ പോക്കറ്റ്‌സ്  ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം കൈമാറാം. ഈ സൗകര്യം ഉപയോഗിക്കുന്നതിന് പോക്കറ്റ് ആപ്ലിക്കേഷന്റെ ഹോം പേജിൽ എം വിസ ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി. ഓട്ടോമാറ്റിക്കായി ഫോണിലെ കാമറ സജീവമാകും. എംവിസ ക്വിക്ക് റെസ്‌പോൺസ് കോഡ് സ്‌കാൻ ചെയ്തശേഷം ഇടപാടുകാരൻ ഡെബിറ്റ് കാർഡിന്റെ പിൻ നമ്പർ അടിച്ചു നല്കുന്നതോടെ പണം നൽകൽ പൂർത്തിയാകുമെന്ന് ഈ സേവനം പുറത്തിറക്കിക്കൊണ്ട് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു. കാർഡ് ഉപഭോക്താവിന്റെ കൈവശംതന്നെയാണെന്നതിനാൽ സൗകര്യപ്രദമായി വേഗത്തിലും വർധിച്ച സുരക്ഷയിലും ഇടപാടു പൂർത്തിയാക്കുവാൻ ഇതു സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിസ ഗ്രൂപ്പ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ കൺട്രി മാനേജർ വി. രാമചന്ദ്രൻ, ഫസ്റ്റ് ഡേറ്റ ഇന്ത്യ ആൻഡ് ഐസിഐസിഐ മർച്ചന്റ് സർവീസസ് മാനേജിംഗ് ഡയറക്ടർ സ്വരൂപ് ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബംഗലുരുവിലെ 1500 കച്ചവടസ്ഥാപനങ്ങളിലാണ് ഈ സേവനം ആദ്യം ലഭ്യമാക്കിയിട്ടുള്ളത്. മറ്റ് നഗരങ്ങളിലേക്കും ഈ സേവനം താമസിയാതെ വ്യാപിപ്പിക്കും.