ഐസിഐസിഐ ബാങ്കിൽ പാസ്‌വേഡ് ഇനി ശബ്ദം

Posted on: May 25, 2015

ICICI-Bank-ATM-big

കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്കും ക്രെഡിറ്റ് കാർഡ് ഉടമകൾക്കും ഇനി ഇടപാടു നടത്താൻ പാസ്‌വേഡും കാർഡ് നമ്പരും പിൻ നമ്പരും സെക്യൂരിറ്റി ചോദ്യത്തിനുത്തരവുമൊന്നും വേണ്ട. അവരുടെ ശബ്ദം മതി. ഉപഭോക്താവിന്റെ ശബ്ദത്തിന്റെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിയുകയും ബാങ്കിംഗ് ഇടപാടുകൾ നടത്തിക്കിട്ടുകയും ചെയ്യുന്നു.

ശബ്ദം പാസ്‌വേഡ് ആയി ഉപയോഗിക്കുന്ന വോയിസ് റെക്ഗ്‌നീഷൻ സേവനം ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുകയാണ്. കോൾ സെന്റർവഴി നടത്തുന്ന ഇടപാടുകൾ ഇതോടെ വളരെ വേഗത്തിലും എളുപ്പത്തിലും സുരക്ഷിതത്വത്തോടെയും നടപ്പിലായികിട്ടുന്നു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ബാങ്ക് വോയിസ് റെക്ഗ്‌നീഷൻ സേവനം ഇടപാടുകൾക്കായി ലഭ്യമാക്കുന്നത്. ബാങ്കിന്റെ 33 ദശലക്ഷം ഇടപാടുകാർക്ക് ഈ സൗകര്യം ലഭിക്കും.

പുതിയ സാങ്കേതിക വിദ്യയും സേവനത്തിൽ പുതുമയും നവീകരണവും കൊണ്ടുവരുന്നതിൽ ഐസിഐസിഐ ബാങ്ക് എന്നും പ്രതിജ്ഞാബദ്ധമാണ്. ഇടപാടുകാരനെ തിരിച്ചറിയുന്നതിന് വോയ്‌സ് റെക്ഗ്‌നീഷൻ സേവനം ലഭ്യമാക്കിയിട്ടുളളത് ഈ പ്രതിബദ്ധതയുടെ തുടർച്ചയാണ്. ബാങ്കിന്റെ ഉപഭോക്താക്കളുടെ പ്രതിദിന ബാങ്കിംഗ് അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദാ കൊച്ചാർ പറഞ്ഞു.

സ്മാർട്ട് ഫോണിൽ ഇടപാടു നടത്തുന്നവർ പലപ്പോഴും 16 അക്ക കാർഡ് നമ്പരും നാലക്ക പിൻ നമ്പരും കൃത്യതയോടെ, വേഗത്തിൽ ടൈപ്പ് ചെയ്യാൻ പ്രയാസപ്പെടുന്നതു കണ്ടിട്ടുണ്ട്. ഇതിനു പകരമായി അവർക്ക് വോയ്‌സ് റെക്ഗ്‌നീഷൻ സേവനം ലഭ്യമാക്കുകയാണ്. ഇടപാടുകൾക്ക് ഇതു സുരക്ഷിതത്വും വേഗവും നല്കുമെന്ന് കൊച്ചാർ ചൂണ്ടിക്കാട്ടുന്നു.

ഓരോ വ്യക്തിയുടേയും ശബ്ദം അനന്യമാണ്. അതായത് ഇതേപോലെ മറ്റൊരു ശബ്ദം മറ്റാർക്കുമുണ്ടാവില്ല. ശബ്ദത്തിന്റെ വേഗം, സ്വരഭേദം, ഉച്ചാരണം തുടങ്ങിയ നൂറോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റെക്ഗ്‌നീഷൻ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ ഇത് അനുകരിക്കുവാൻ സാധിക്കുകയില്ലെന്നു മാത്രമല്ല ഉയർന്ന സുരക്ഷിതത്വവും ലഭ്യമാകുന്നു. ബാങ്ക് ഉപഭോക്താക്കളുടെ ശബ്ദത്തിന്റെ പ്രിന്റ് അക്കൗണ്ടിനൊപ്പം ശേഖരിച്ചു വയ്ക്കുന്നു. രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈലിൽനിന്നു വിളിക്കുമ്പോൾ ഈ ശബ്ദം തമ്മിൽ താരതമ്യപ്പെടുത്തുകയും ഇടപാടു നടക്കുകയും ചെയ്യുന്നു.