അലാസ്‌ക എയര്‍ കാര്‍ഗോയില്‍ ഇനി ഐബിഎസിന്റെ ഐകാര്‍ഗോ

Posted on: March 10, 2022

തിരുവനന്തപുരം : അലാസ്‌ക എയറിന്റെ എയര്‍ കാര്‍ഗോ ഐടി സംവിധാനം ആധുനികവല്‍കരിക്കുന്നതിനും സമ്പൂര്‍ണ കാര്‍ഗോ മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കുന്നതിനും ഐബിഎസ് സോഫ്റ്റ് വെയറും അലാസ്‌ക എയറും ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചു.

അലാസ്‌ക എയര്‍ കാര്‍ഗോയുടെ സെയില്‍സ്, കാര്‍ഗോ ടെര്‍മിനല്‍, എയര്‍മെയില്‍, റവന്യൂ അക്കൗണ്ടിംഗ് സംവിധാനങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ ഐകാര്‍ഗോ ഡിജിറ്റല്‍വല്‍കരിക്കും. എയര്‍ലൈനിന്റെ സമഗ്ര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഐകാര്‍ഗോയ്ക്ക് കഴിയും.

ഐകാര്‍ഗോയുടെ നൂതന മെസേജിംഗ്, ആശയവിനിമയ ശേഷിയിലൂടെ അലാസ്‌ക എയറിന് ഉപയോക്താക്കളുമായും പ്രവര്‍ത്തന പങ്കാളികളുമായും അപ്പപ്പോള്‍ തന്നെ ബന്ധപ്പെടാനും അതിലൂടെ പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും സാധിക്കും.

ഐകാര്‍ഗോയെ തെരഞ്ഞെടുത്തത് തന്ത്രപ്രധാനമായ തീരുമാനമാണെന്നും ഡിജിറ്റല്‍വല്‍കരണത്തിലേയ്ക്കുള്ള മാറ്റത്തിന്റെ ഭാഗമാണിതെന്നും അലാസ്‌ക എയര്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ ആദം ഡ്രൗഹര്‍ഡ് പറഞ്ഞു. ഈ സമ്പൂര്‍ണ സംയോജിത സംവിധാനത്തിലൂടെ തങ്ങളുടെ ജീവനക്കാര്‍ക്ക് പുത്തന്‍ സങ്കല്പത്തിലുള്ള യഥാര്‍ഥ എയര്‍ കാര്‍ഗോ അന്തരീക്ഷം ലഭ്യമാക്കാന്‍ കഴിയും. ഒപ്പം തന്നെ ബിസിനസില്‍ അനായാസം മുന്നേറാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അലാസ്‌ക എയര്‍ കാര്‍ഗോയുടെ പങ്കാളിയാകാനും അതിന്റെ ഡിജിറ്റല്‍വല്‍കരണത്തിന്റെ ഭാഗമാകാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ അമേരിക്കന്‍ മേഖല വൈസ് പ്രസിഡന്റ് സാം ശുക്ല വ്യക്തമാക്കി. എയര്‍ലൈനുകളും ഗ്രൗണ്ട് ഹാന്‍ഡ്‌ലര്‍മാരും അടങ്ങുന്ന ഐകാര്‍ഗോയുടെ ഉപഭോക്തൃ സമൂഹത്തിലേക്ക് അലാസ്‌ക എയര്‍ കാര്‍ഗോയെ സാം ശുക്ല സ്വാഗതം ചെയ്തു.