ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ ഏഴു വിദേശ വിമാനക്കമ്പനികള്‍കൂടി

Posted on: November 1, 2019

മുംബൈ : ഏഴു വിദേശ വിമാനക്കമ്പനികള്‍കൂടി ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങുന്നു. പുതിയ വിന്റര്‍ ഷെഡ്യൂളുകളിലാണ് പുതിയ കമ്പനികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ടാന്‍സാനിയ, അര്‍കിയ ഇസ്രായേലി എയര്‍ലൈന്‍സ് എന്നീ കമ്പനികളാണ് പുതുതായെത്തുന്നത്. ഒക്ടോബര്‍ 27 മുതല്‍ തുടങ്ങുന്ന ശീതകാല സമയക്രമം 2020 മാര്‍ച്ച് 28 വരെ തുടരും.

പുതിയ കമ്പനികളുടെ വരവോടെ ഇന്ത്യയില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിദേശ എയര്‍ലൈന്‍ കമ്പനികളുടെ എണ്ണം 86-ലെത്തി. ഇന്ത്യയിലെ വിമാനക്കമ്പനികള്‍ ആഴ്ചയില്‍ ആകെ 1847 അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ ഇന്ത്യയാണ് മുന്നില്‍. 616 എണ്ണം. രണ്ടാം സ്ഥാനത്തുള്ള ഇന്‍ഡിഗോയ്ക്ക് 572 സര്‍വീസുകളുണ്ട്. പൊതുമേഖലയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആഴ്ചയില്‍ 311 വിദേശ സര്‍വീസുളാണുള്ളത്. അതേസമയം. രാജ്യത്തെ 103 വിമാനത്താവളങ്ങളില്‍ നിന്നായി ആഴ്ചയില്‍ ആകെ 23,403 ആഭ്യന്തര സര്‍വീസുകളുണ്ട്. ഇതില്‍ 10,310 എണ്ണം ഇന്‍ഡിഗോയുടേതാണ്.