ബോയിംഗ് 737 വിമാനങ്ങളുടെ ചിറകുകളില്‍ തകരാര്‍

Posted on: June 4, 2019

വാഷിംഗ്ടണ്‍ : യു എസ് വിമാന നിര്‍മാണക്കമ്പനിയായ ബോയിങ്ങിനെ വിടാതെ പിന്തുടര്‍ന്ന് സാങ്കേതിക പ്രശ്‌നങ്ങള്‍, ബോയിങ്ങിന്റെ 737 ശ്രേണിയിലുള്ള മുന്നൂറിലേറെ വിമാനങ്ങളുടെ ചിറകുകൡ തകരാര്‍ കണ്ടെത്തിയതായി യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്. എ. എ) ഞായറാഴ്ച പറഞ്ഞു. സുരക്ഷ സംബന്ധിച്ച് ആശങ്കുയുയര്‍ന്നതിനാല്‍ ബോയിംഗ് നിലത്തിറക്കിയ 737 മാക്‌സ് എട്ട് വിമാനങ്ങളും തകരാര്‍ ശ്രദ്ധയില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

ലീഡിംഗ് എഡ്ജ് സ്ലാറ്റ് ട്രാക്ക് എന്നറിയപ്പെടുന്ന വിമാനത്തിലെ ഭാഗത്തിനാണ് തകരാര്‍ കണ്ടെത്തിയത്. ടേക്ക് ഓഫിന്റെയും ലാന്‍ഡിംഗിന്റെയും സമയങ്ങളില്‍ ചിറകുകളുടെ മുന്‍ഭാഗത്തിനൊപ്പം വികസിക്കുന്ന പാനലാണ് ലീഡിംഗ് എഡ്ജ് സ്ലാറ്റ് ട്രാക്ക്.
737 മാസ്‌ക് എട്ട്, 179 മാസ്‌ക്, 133 എന്‍ ജി എന്നീ ശ്രേണികളിലുള്ള വിമാനങ്ങളില്‍ തകരാര്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സ്ലാറ്റ് ട്രാക്കുകളില്‍ പ്രശ്‌നങ്ങളുള്ളതായി വിതരണക്കമ്പനി തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ബോയിംഗ് പ്രതികരിച്ചു.

മാര്‍ച്ചില്‍ എത്യോപ്യന്‍ എയര്‍ ലൈന്‍സിന്റെ മാക്‌സ് എട്ട് വിമാനം തകര്‍ന്നുവീണ സംഭവത്തെതുടര്‍ന്ന് സുരക്ഷയെച്ചൊല്ലി ആശങ്കയുയര്‍ന്നതോടെ ബോയിംഗ് ഈ വിഭാഗത്തിലുള്ള വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു.

സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ബോയിംഗ് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും വിമാനത്തിന് പറക്കാന്‍ എഫ്. എ എ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

TAGS: Boeing |