ട്രാവൽ ഇൻഷുറൻസ് : ഖത്തർ എയർവേസും എഐജിയുമായി ധാരണ

Posted on: April 21, 2016

Qator-Doha-Airport-Big

ദോഹ : ഖത്തർ എയർവേസ് ഇടപാടുകാർക്കായി അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പുമായി (എഐജി) ചേർന്ന് ട്രാവൽ ഗാർഡ് ഇൻഷുറൻസ് അവതരിപ്പിച്ചു. തുടക്കത്തിൽ ഖത്തർ, യുഎഇ, ബഹ്‌റിൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ സേവനം ലഭ്യമാണ്. ഖത്തർ എയർവേസ് വെബ്‌സൈറ്റ് മുഖേന ട്രാവൽഗാർഡിന്റെ സുരക്ഷ ഉറപ്പാക്കാനാകും.

ഇന്ത്യ, യൂറോപ്പ്, യുഎസ്എ, ഓസ്‌ട്രേലിയ, മലേഷ്യ, തായ്‌ലൻഡ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ഈ വർഷം അവസാനത്തോടെ ട്രാവൽഗാർഡ് വ്യാപിപ്പിക്കും. യാത്രയുടെ ഓരോഘട്ടത്തിലും കസ്റ്റമേഴ്‌സിന് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ എഐജിയുമായുള്ള കൂട്ടുകെട്ട് സഹായിക്കുമെന്ന് ഖത്തർ എയർവേസ് വൈസ് പ്രസിഡന്റ് ഇഷാഖ് ജലാൽ പറഞ്ഞു.

നൂറിലേറെ രാജ്യങ്ങളിൽ ട്രാവൽഗാർഡ് ഇടപാടുകാർക്ക് 24/7 സേവനം ലഭ്യമാണ്. എട്ട് ഗ്ലോബൽ സർവീസ് സെന്ററുകളിൽ ബഹുഭാഷ വിദഗ്ധരായ ജീവനക്കാരുണ്ട്. ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പെടുന്ന ട്രാവൽഗാർഡ് ടീം വേഗത്തിലും ഫലപ്രദമായും സേവനം ലഭ്യമാക്കുമെന്ന് എഐജി ട്രാവൽ സിഇഒ ജെഫ് റൂട്ട്‌ലെഡ്ജ് പറഞ്ഞു.