പുതിയ ടൊയോട്ട കാംറി വിപണിയിൽ

Posted on: May 4, 2015

Toyota-Camry-big

കൊച്ചി : ടൊയോട്ട കിർലോസ്‌കർ മോട്ടോർ കാംറിയുടെ പുതിയ ഹൈബ്രിഡ്, പെട്രോൾ മോഡലുകൾ വിപണിയിലിറക്കി. താരതമ്യങ്ങളില്ലാത്ത ആഡംബരമാണ് പുതിയ കാംറിയുടെ പ്രത്യേകത. ടൊയോട്ട ഹൈബ്രിഡ് സിനർജി ഡ്രൈവ് പവർട്രെയിനാണ് കാംറി ഹൈബ്രിഡിന്റേത്. 2.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ ഫോർ-സിലിണ്ടർ പെട്രോൾ എൻജിനും ഹൈ ടോർക്ക് ഇലക്ട്രിക് മോട്ടോറും ചേർന്ന് പൂർണമായും ഹൈബ്രിഡായ പവർട്രെയിനാണ് പുതിയ കാംറി ഹൈബ്രിഡിന്റേത്.

എൻജിനും മോട്ടോറും ചേർന്ന് 204 പിഎസ് പവർ ഔട്ട്പുട്ടാണ് പുതിയ കാംറി ഹൈബ്രിഡിന് നല്കുന്നത്. ലിറ്ററിന് 19.16 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമതയും നൽകുന്നു. ഒരു കിലോമീറ്റർ ഡ്രൈവിങ്ങ് 22.8 ജിഎം കാർബൺ ഡയോക്‌സൈഡ് എമിഷൻ മാത്രമുള്ള എൻജിനാണ് ഇവയ്ക്ക്. സമാന എൻജിൻ വലിപ്പമുള്ള മറ്റു വാഹനങ്ങളേക്കാൾ വളരെ കുറവാണിത്. ഇലക്‌ട്രോണിക്കലി കൺട്രോൾഡ് കണ്ടിന്യൂസ് വേരിയബിൾ ട്രാൻസ്മിഷൻ (ഇ-സിവിറ്റി) സൗകര്യവും മികച്ച ഡ്രൈവിംഗ് പ്രകടനവും കുറഞ്ഞ ഇന്ധന ഉപയോഗവുമാണ് പുതിയ കാംറിയുടെ പ്രത്യേകതകൾ.

സാധാരണ ഇലക്ട്രിക് വാഹനങ്ങളിൽനിന്ന് വ്യത്യസ്തമായി പൂർണമായും സ്വയം ചാർജ് ചെയ്യുന്ന വാഹനമാണ് കാംറി ഹൈബ്രിഡ്. വാഹനം വേഗം കുറയ്ക്കുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും ഇതിലെ ഇലക്ട്രിക് മോട്ടോർ ജനറേറ്റർ ആയി പ്രവർത്തിക്കുകയും കൈനറ്റിക് ഊർജ്ജം ഇലക്ട്രിക് ഊർജമാക്കി മാറ്റുകയും ചെയ്യും. ഈ ഊർജ്ജം കാംറി ഹൈബ്രിഡിന്റെ എച്ച്‌വി ബാറ്ററി പായ്ക്കിൽ ശേഖരിച്ച് പിന്നീട് വാഹനത്തിന്റെ ഊർജ്ജാവശ്യത്തിനായി ഉപയോഗപ്പെടുത്തുന്നു.

മൂന്ന് സോൺ കൺട്രോളുകളോടുകൂടിയ പോളൻ ഫിൽറ്ററും നാനോ വാട്ടർ കോട്ടഡ് അയോൺ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന ആധുനിക എയർ കണ്ടീഷനിംഗ്് സംവിധാനമാണ് പുതിയ കാംറിക്ക്. കാബിൻ ഡിയോഡറൈസ് ചെയ്യുകയും ചെയ്യുമെന്നതാണ് പ്രത്യേകത.

എട്ടു ഡിഗ്രി വരെ ചെരിക്കാവുന്ന പവർ റിക്ലൈൻ പിൻസീറ്റുകൾ, സീറ്റുകൾ ചെരിക്കുന്നതിനും പിൻ വിൻഡ്ഷീൽഡുകളും സൺഷേഡും ഓഡിയോ സംവിധാനവും എയർകണ്ടീഷനിംഗും നിയന്ത്രിക്കാൻ കഴിയുന്ന കൺട്രോളുകളോടു കൂടിയ റിയർ ആംറെസ്റ്റ് എന്നിവ പുതിയ കാംറിയുടെ പ്രത്യേകതകളാണ്. ഡ്രൈവ് ചെയ്യുന്നവർക്കും മുൻനിരയിലെ യാത്രക്കാർക്കും പിൻനിരയിലെ യാത്രക്കാർക്കും ശരിയായ രീതിയിൽ എയർകണ്ടീഷനിംഗ് ലഭ്യമാക്കുന്നതിനുതകുന്ന മൂന്നു സോൺ എയർ കണ്ടീഷനിംഗ് സംവിധാനവും പുതിയ കാംറിയിലുണ്ട്.

ഡാർക്ക് ബ്രൗൺ മൈക്ക മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഗ്രേ മെറ്റാലിക്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, ട്രൂ ബ്ലൂ മൈക്ക മെറ്റാലിക് (ഹൈബ്രിഡിനു മാത്രം) സിൽവർ മെറ്റാലിക്, ഗ്രേയിഷ് ബ്ലൂ മൈക്ക മെറ്റാലിക് (പെട്രോളിന് മാത്രം) എന്നിങ്ങനെ ഏഴ് നിറങ്ങളിലാണ് പുതിയ കാംറി നിരത്തിലിറങ്ങുന്നത്. പുതിയ കാംറി ഹൈബ്രിഡിന് 31.92 ലക്ഷവും പുതിയ കാംറി പെട്രോളിന് 28.80 ലക്ഷം രൂപയുമാണ് ഡൽഹി എക്‌സ് ഷോറൂം വില.

ടൊയോട്ടയുടെ അഭിമാന മോഡലായ കാംറിക്ക് ഇന്ത്യയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന് ടയോട്ട കിർലോസ്‌കർ മോട്ടോർ മാനേജിംഗ് ഡയറക്ടർ നവോമി ഇഷി പറഞ്ഞു. ഇതുവരെ 8000 കാംറികൾ വിൽക്കാൻ കഴിഞ്ഞു. ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച ഹൈബ്രിഡും നന്നായി സ്വീകരിക്കപ്പെട്ടു. കാംറി ഹൈബ്രിഡ് ആകെ കാംറി വിൽപ്പനയുടെ 73 ശതമാനം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.