എം.ജി. മോട്ടോറും ടാറ്റാ പവറും ചേര്‍ന്ന് കൊച്ചിയിൽ അതിവേഗ വാഹന ചാർജിംഗ് സ്‌റ്റേഷൻ തുടങ്ങി

Posted on: January 30, 2021


കൊച്ചി : എം.ജി. മോട്ടോറും ടാറ്റാ പവറും ചേര്‍ന്ന് കൊച്ചിയില്‍ അതിവേഗ വാഹന ചാര്‍ജിംഗ് സംവിധാനം സ്ഥാപിച്ചു. ഇസെഡ്.എസ്. ഇവി പോലുള്ള വൈദ്യുത വാഹനങ്ങള്‍ക്ക് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് നേടാന്‍ സഹായിക്കുന്ന സംവിധാനമാണ് കൊച്ചിയിലെ എം.ജി. ഡീലര്‍ഷിപ്പില്‍ സ്ഥാപിച്ചത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ചാര്‍ജിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തു.

ദേശീയതലത്തില്‍ ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെ ഈ 50 കെ.ഡബ്ല്യു. ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചത്.

ഡല്‍ഹിയില്‍ ഇത്തരത്തിലുള്ള അതിവേഗ ചാര്‍ജിംഗ് സംവിധാനം സ്ഥാപിക്കുന്നതിനു തുടക്കം കുറിച്ച ശേഷം ഇതുവരെ 16 നഗരങ്ങളിലായി 21 അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ഇസെഡ് ബ്രാന്‍ഡില്‍ 45 പട്ടണങ്ങളിലായി 330-ലേറെ വൈദ്യുത വാഹന ചാര്‍ജിംഗ് പോയിന്റുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ടാറ്റാ പവര്‍ ന്യൂ ബിസിനസ് സര്‍വീസസ് മേധാവി രാജേഷ് നായ്ക്ക് ചൂണ്ടിക്കാട്ടി.

ഇ.വി.എം. ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.എം. ജോണി, കോസ്റ്റ്ലൈന്‍ ഗാരേജസ് ഇന്ത്യ എം.ഡി. ജിമ്മി ജോസ്, എം.ജി. ഏരിയ സെയില്‍സ് മാനേജര്‍ വിനോദ് സേതുമാധവന്‍, കോസ്റ്റ്ലൈന്‍ ഗാരേജസ് ഇന്ത്യ സി.ഇ.ഒ. ഫൈസല്‍ സബെയ്ഡ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

TAGS: MG Motor |