കേരളത്തിലെ ഇരുചക്ര വാഹനങ്ങളുടെ വില്പന 25 ലക്ഷം കടന്ന് ഹോണ്ട; 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖാപിച്ചു

Posted on: October 15, 2020

കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ കേരളത്തിലെ വില്പന 25 ലക്ഷം കടന്നു. 2001 മുതല്‍ 2014 വരെയുള്ള 14 വര്‍ഷം കൊണ്ട് കേരളത്തില്‍ പത്തുലക്ഷം ഉപഭോക്താക്കളെന്ന നേട്ടം കരസ്ഥമാക്കിയ ഹോണ്ട ടു വീലേഴ്‌സ് അടുത്ത ആറു വര്‍ഷം കൊണ്ട് അടുത്ത 15 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കുകയായിരുന്നു. കേരളത്തില്‍ ഹോണ്ട സൂപര്‍ സിക്‌സ് ആനുകൂല്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യ ഇത് ആഘോഷിക്കുന്നത്.

നവംബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ഈ ആനുകൂല്യ പ്രകാരം ഉപഭോക്താക്കള്‍ക്ക് 11,000 രൂപ വരെ നേട്ടമുണ്ടാകും. ഏറ്റവും കുറഞ്ഞ നിരക്കില്‍ 100 ശതമാനം വരെ വായ്പ, ഇഎംഐ പദ്ധതിയില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇഎംഐകളില്‍ അയ്യായിരം രൂപ വരെ കാഷ്ബാക്ക്, പേടിഎം വഴിയുള്ള വാങ്ങലില്‍ 2500 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലഭിക്കുന്നത്. മധ്യനിര മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് പുതിയ ഹൈനസ് സിബി-350 ആഗോള തലത്തില്‍ അവതരിപ്പിച്ച് രണ്ടാഴ്ചയ്ക്കകം അതു കേരളത്തിലും അവതരിപ്പിക്കുകയാണ്.

കേരളത്തില്‍ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്ന മൂന്നു പേരില്‍ ഒരാള്‍ വീതം ഹോണ്ട ഇരുചക്ര വാഹനങ്ങളാണ് വാങ്ങുന്നത്. കേരളത്തിലെ ഉപഭോക്താക്കളുടെ ആദ്യ പരിഗണന തങ്ങള്‍ക്കാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു. ഇരുചക്ര വാഹന രംഗത്ത് ആദ്യമായി ആറു വര്‍ഷ വാറണ്ടി പാക്കേജ് ഉള്‍പ്പെടെ തങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

TAGS: Honda |