മെയിന്റനൻസ് ചെലവ് കുറഞ്ഞ ട്രക്കുകളും ബസുകളുമായി ഭാരത് ബെൻസ്

Posted on: January 29, 2020

ഭാരത് ബെൻസിന്റെ പുതിയ ട്രക്കുകളും ബസുകളും മുംബൈയിൽ അവതരിപ്പിച്ചപ്പോൾ ഡെയ്മ്‌ലർ ബസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ തോമസ് ഫ്രിക്ക്, ഡെയ്മ്‌ലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ സത്യകം ആര്യ, കെ. രാജാറാം എന്നിവർ സമീപം.

കൊച്ചി : അറ്റകുറ്റപ്പണികൾക്കും ഇന്ധനത്തിനുമുള്ള ചെലവുകൾ കുറയ്ക്കാൻ സഹായകമാംവിധം സാങ്കേതിക മേൻമകളോടുകൂടിയ ഒരു ഡസനിലേറെ പുതു തലമുറ ട്രക്കുകളും ബസ്സുകളും ഡെയ്മ്‌ലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസ് അവതരിപ്പിച്ചു. ബിഎസ് 6 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ളതാണ് ഈ പുതിയ വാഹനങ്ങളെല്ലാം തന്നെ. ഇവയുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ടണ്ണേജിന് പകരം വിവിധ ആവശ്യങ്ങൾക്കായുള്ള വിവിധ തരം ട്രക്കുകൾ ലഭ്യമാക്കുന്നതിലാണ് കമ്പനി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഡെയ്മ്‌ലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസ് മാനേജിങ് ഡയറക്റ്റർ സത്യകം ആര്യ പറഞ്ഞു. ‘പ്രോഫിറ്റ് ടെക്‌നോളജി’ യോടുകൂടിയ ഈ ട്രക്കുകൾ മികച്ച ഇന്ധന ക്ഷമത, സുരക്ഷ, വിശ്വാസ്യത എന്നിവ പ്രദാനം ചെയ്യുന്നു. ചുമക്കുന്ന ഭാരത്തിന്റെ അടിസ്ഥാനത്തിൽ ട്രക്കുകൾ ഉൽപാദിപ്പിക്കുന്നതിനു പകരം ഓരോ ആവശ്യത്തിനുമുള്ള ഏറ്റവും മികച്ച ട്രക്കുകളാണ് ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. ഇ-കോമേഴ്‌സടക്കം ഓരോ മേഖലയ്ക്കുമായി പ്രത്യേകം ട്രക്കുകളുണ്ടാകുമെന്ന് ആര്യ വ്യക്തമാക്കി.

ട്രക്കുകളും ബസ്സുകളും യാത്രാവേളയിൽ എവിടെ എത്തി എന്ന് ട്രാക്ക് ചെയ്യാനുള്ള ട്രക്ക് കണക്റ്റും ബസ്സ് കണക്റ്റും പുതിയ വാഹനങ്ങളിലെ സുപ്രധാന സാങ്കേതിക സൗകര്യങ്ങളാണ്. യാത്രാ ദൂരവും ഇന്ധന ഉപയോഗവും കുറക്കാൻ ഇതു വഴി സാധിക്കുന്നു. മുൻകൂർ ബുക്കിംഗ്, സ്‌പെയർ പാർടുകൾക്ക് ഓർഡർ നൽകൽ, കോൺട്രാക്റ്റ് പുതുക്കൽ, വാറണ്ടി നീട്ടൽ, ഇൻഷ്വറൻസ് അടക്കൽ, ഓൺലൈനായി പണം അടയ്ക്കൽ തുടങ്ങിയ അറുപത്തഞ്ചോളം കാര്യങ്ങൾ ഓൺലൈനായി ചെയ്യാൻ കൂടി സഹായകമാണ് ‘പ്രോസർവ്’ എന്ന പേരിലുള്ള ഈ ഡിജിറ്റൽ സാങ്കേതികവിദ്യ.

ബമ്പർ സ്‌പോയിലറോടു കൂടിയുള്ള ഫ്രണ്ട് ഗ്രിൽ, കൂടുതൽ സൗകര്യപ്രദമായ ക്യാബിനുകൾ എന്നിവ പുതിയ ട്രക്കുകളിലെ സവിശേഷതകളാണ്. പുതിയ ഭാരത് ബെൻസ് ബസുകളിലെ ‘ഇ ടെക്’ എന്ന പേരിലുള്ള ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക് ആർകിറ്റെക്ചർ എന്തെങ്കിലും തകരാർ സംഭവിക്കുമ്പോൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സഹായകമാണ്. പുതിയ ഭാരത് ബെൻസ് ‘ട്രക്കുകളിലും ബസ്സുകളിലും ഒഎം926 എഞ്ചിനും 4ഡി34ഐ യുമാണുള്ളത്. ട്രക്കുകൾക്ക് 6 വർഷത്തെ വാറണ്ടിയാണ് നൽകുന്നത്. ഇത് 8 വർഷം വരെ നീട്ടാവുന്നതാണ്. സർവീസ് കാലയളവ് 20 ശതമാനം നീട്ടിയതിനാൽ മെയിന്റനൻസ് ചെലവ് ആറ് ശതമാനം കുറയും. 500 കോടി രൂപ മുടക്കിയാണ് ബിഎസ് 6 നിലവാരം പാലിക്കാനുള്ള സൗകര്യങ്ങളൊരുക്കിയത്. ഇതിനായി 80 ശതമാനത്തിലേറെ ഇന്ത്യൻ ഘടകങ്ങൾ ഉപയോഗപ്പെടുത്തുകയുണ്ടായി

TAGS: Bharat Benz |