നഗരങ്ങളിലെ ചരക്ക് നീക്കത്തിന് മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക് അപ്പ്

Posted on: August 30, 2019

 

കൊച്ചി : പട്ടണങ്ങളിലെ ചരക്ക് വിതരണത്തിന് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്ത പുതിയ പിക്ക് അപ്പ് മഹീന്ദ്ര വിപണിയിലിറക്കി. ബൊലേറോ സിറ്റി പിക്ക് അപ്പ് എന്നു പേരിട്ടിരിക്കുന്ന പുതിയ മോഡലിന് 1.4 ടണ്‍ ആണ് ഭാരവാഹകശേഷി. കൊച്ചിയിലെ എക്‌സ് ഷോറൂം വില 6.26 ലക്ഷം രൂപ.

ബോലേറോ സിറ്റി പിക്ക് അപ്പിന്റെ നീളം കുറഞ്ഞ ബോണറ്റിന് അടിയില്‍, ഇതിനോടകം മികവു തെളിയിച്ചിട്ടുള്ള 2,523 സിസി , എം2 ഡിഐ, നാല് സിലിണ്ടര്‍ , ഡീസല്‍ എന്‍ജിനാണുള്ളത്. ഇതിന് 63 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. പരമാവധി ടോര്‍ക്ക് 195 എന്‍എം. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ ഏതാണോ ആദ്യം എന്ന ക്രമത്തില്‍ ബൊലോറോ സിറ്റി പിക്ക് അപ്പിനു മഹീന്ദ്ര വാറന്റി നല്‍കുന്നുണ്ട്. ഇതൊടോപ്പം ഏറ്റവും കുറഞ്ഞ പരിപാലനച്ചെലവും കമ്പനി ഉറപ്പുനല്‍കുന്നു.

ബൊലേറോ സിറ്റി പിക്ക് അപ്പിന്റെ കാര്‍ഗോ ബോക്‌സിനു 8.7 അടി നീളവും 5.6 അടി വീതിയുമുണ്ട്. വലുപ്പം കൂടിയ സാധനങ്ങള്‍ അനായാസം വഹിക്കാന്‍ ഇത് പിക്ക് അപ്പിനു പ്രാപ്തി നല്‍കുന്നു. വലുപ്പം കൂടിയ ടയറുകള്‍ ( 215/75 ആര്‍ 15) മെച്ചപ്പെട്ട റോഡ് പിടുത്തം ഉറപ്പാക്കുന്നു. ഉറപ്പേറിയ പിന്‍ സസ്‌പെന്‍ഷനും പിക്ക് അപ്പിന്റെ സവിശേഷതയാണ്. ഡ്രൈവറിന്റെയും സഹയാത്രികന്റെയും യാത്ര ഏറെ സുഖകരമാക്കും വിധം വീതിയേറിയ ഫാബ്രിക് സീറ്റുകളാണ് ക്യാബിനില്‍ നല്‍കിയിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടിലേറെയായി പിക്ക് അപ്പ് വാഹനവിപണിയിലെ മുന്‍നിരക്കാരായതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് മഹീന്ദ്ര പുതിയ മോഡലുകള്‍ പുറത്തിറക്കാറുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ മാര്‍ക്കറ്റിങ്ങ് വൈസ് പ്രസിഡന്റ് വിക്രം ഗാര്‍ഗ പറഞ്ഞു. സിറ്റി പിക്ക് അപ്പിന്റെ അവതരണത്തോടെ ബെലേറോ പിക്ക് അപ്പ് ശ്രേണിയിലെ മോഡലുകളുടെ ഉപയോഗം കൃത്യമായി നിര്‍വചിക്കപ്പെട്ടു.

നഗരങ്ങള്‍ക്ക് ഇടയിലുള്ള ചരക്ക് നീക്കത്തിനുള്ളതാണ് 1.7 ടണ്‍ ബൊലേറോ പിക്ക് അപ്പ്. നഗരത്തിനുള്ളിലെ ചരക്ക് നീക്കത്തിന് ബൊലേറോ സിറ്റി പിക്ക് അപ്പും ബൊലേറോ മാക്‌സിട്രക്ക് പ്ലസും ഉപയോഗിക്കാം – ഗാര്‍ഗ പറഞ്ഞു.

TAGS: Mahindra Bolero |