ഹോണ്ട ടു വീലേഴ്‌സ് 49 ലക്ഷം രൂപയുടെ വ്യാജ പാര്‍ട്ട്‌സുകള്‍ പിടികൂടി

Posted on: July 30, 2019

ന്യൂഡൽഹി : വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ നടത്തിയ നാലു സുപ്രധാന പരിശോധനകളില്‍ 49 ലക്ഷം രൂപയുടെ വ്യാജ പാര്‍ട്ട്‌സുകള്‍ പിടികൂടി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഹോണ്ടയുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണ സംഘം നടത്തിയ തെരച്ചിലുകളില്‍ രണ്ടു കോടി രൂപയോളം വില വരുന്ന 94,000 വ്യാജ പാര്‍ട്ട്‌സുകളാണ് രാജ്യ വ്യാപകമായി പിടി കൂടിയിട്ടുള്ളത്.

ഇന്ത്യയിലെ 4.3 കോടിയോളം വരുന്ന ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിച്ച് അവര്‍ക്കു ഗുണമേന്‍മയുള്ള ഉടമസ്ഥാനുഭവം പ്രദാനം ചെയ്തു കൊണ്ട് തുടര്‍ച്ചയായ പരിശോധനകളാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ നടത്തി വരുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയ പ്രാധാന്യം നല്‍കിക്കൊണ്ട് 2017ല്‍ അന്താരാഷ്ട്ര തലത്തിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള ബൗദ്ധിക സ്വത്തവകാശ സംരക്ഷണ സംഘത്തിനും ഹോണ്ട രൂപം നല്‍കുകയുണ്ടായി.

ഹോണ്ടയുടെ വ്യാജ പാര്‍ട്ട്‌സുകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും കച്ചവടം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും ക്രിമിനല്‍ നടപടികളുമാണ് ഇതേ തുടര്‍ന്നു സ്വീകരിച്ചു വരുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം ജൂണില്‍ ഡെല്‍ഹിയിലും കട്ടക്കിലും ലോക്കല്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ നാലു പരിശോധനകളില്‍ അനധികൃത സര്‍വീസ് സെന്ററുകള്‍ക്കെതിരെയും വ്യാജ പാര്‍ട്ട്‌സുകള്‍, ലേബലുകള്‍ എന്നിവയ്‌ക്കെതിരേയും നടപടി സ്വീകരിച്ചു. 49 ലക്ഷം രൂപയോളം വില വരുന്ന 10,462 പാര്‍ട്ട്‌സുകളാണ് ഇങ്ങനെ പിടിച്ചെടുത്തത്.

ഹോണ്ടയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാവന വ്യാവസായിക മേഖലയിലും കരോള്‍ബാഗ് മാര്‍ക്കറ്റിലും ഡെല്‍ഹി പോലീസ് രണ്ടു റെയ്ഡുകള്‍ സംഘടിപ്പിക്കുകയുമുണ്ടായി. ബൗദ്ധിക സ്വത്തവകാശ സംഘം രൂപീകൃതമായി മൂന്നു വര്‍ഷത്തിനകം രാജ്യത്തെ പ്രധാന നഗരങ്ങളിലായി 15 റെയ്ഡുകളാണ് നടത്തിയിട്ടുള്ളത്. ഉന്നത സുരക്ഷയോടു കൂടിയ എം.ആര്‍.പി. ലേബലുമായാണ് ഹോണ്ടയുടെ യഥാര്‍ത്ഥ പാര്‍ട്ട്‌സുകള്‍ വരുന്നത്. ഒറിജിനല്‍ ഹോളോഗ്രാം അടക്കം ഇതു തിരിച്ചറിയാന്‍ നിരവധി മാര്‍ഗങ്ങളുമുണ്ട്. ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള യഥാര്‍ത്ഥ ഹോണ്ട പാര്‍ട്ട്‌സുകള്‍ തന്നെയാണു ലഭിക്കുന്നതെന്ന് ഉറപ്പിക്കാന്‍ ഇതേ രീതിയിലെ പരിശോധനകള്‍ ഭാവിയിലും തുടരും.

TAGS: Honda |