ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിനായി  ഹോണ്ട ഇന്ത്യ റേസിങ് ടീം തായ്‌ലണ്ടിലെത്തി

Posted on: May 31, 2019

ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്ക്യൂട്ട് (തായ്‌ലണ്ട്): ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യയുടെ ഐഡിമിത്‌സു ഹോണ്ട റേസിങ് ടീം തായ്‌ലണ്ടിലെത്തി. ഈ ആഴ്ച നടക്കുന്ന എഫ്‌ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) മൂന്നാം റൗണ്ട് പോരാട്ടത്തിനായാണ് ഇന്ത്യന്‍ സംഘം തായ്‌ലണ്ടിലെ ബുരിരാമിലെത്തിയത്.

2019 ഹോണ്ട ഇന്ത്യ ടീമിന്റെ ഏറ്റവും മികച്ച വര്‍ഷമാക്കാനുള്ള ഒരുക്കത്തിലാണെന്നും കഴിഞ്ഞ വര്‍ഷം 27-ാം സ്ഥാനത്തായിരുന്ന രാജീവ് സേഥു ഈ സീണണില്‍ ആദ്യത്തെ 12 റൈഡര്‍മാരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ സെന്തിലും ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും ചാങ് സര്‍ക്ക്യൂട്ട് നമ്മുടെ കുട്ടികള്‍ക്ക് പരിചിതമാണെന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും ഈ റൗണ്ടിലൂടെ ടോപ് അഞ്ച് ടീമുകള്‍ക്കടുത്ത് എത്തണമെന്നാണ് കരുതുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ്-കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

രാജീവ് സേഥുവാണ് എആര്‍ആര്‍സി ഏഷ്യ പ്രൊഡക്ഷന്‍ (എപി250) വിഭാഗത്തെ നയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇരട്ട അക്ക പോയിന്റ് കരസ്ഥമാക്കിയ രാജീവ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ചാമ്പ്യന്‍ഷിപ്പിലെ എപി 250 വിഭാഗത്തില്‍ 18 പോയിന്റുമായി രാജീവ് ആദ്യത്തെ 12 സ്ഥാനങ്ങള്‍ക്കുള്ളിലുണ്ട്.

രാജീവിന് പിന്തുണയുമായി സെന്തില്‍ കുമാറുണ്ട്. തായ് ടാലന്റ് കപ്പിലൂടെ 2018ല്‍ അരങ്ങേറ്റം കുറിച്ച സെന്തില്‍ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്ക്യൂട്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇതിനകം രണ്ടു പോയിന്റുകള്‍ നേടിയ സെന്തില്‍ ചാങിലെ പോരാട്ടത്തിലൂടെ കുതിക്കാന്‍ കാത്തിരിക്കുകയാണ്.

ഏഷ്യാ പ്രൊഡക്ഷന്‍ 250സിസി വിഭാഗത്തില്‍ ഇന്തോനേഷ്യ, തായ്‌ലണ്ട്, ജപ്പാന്‍, മലേഷ്യ, വിയറ്റ്‌നാം, തായ്‌പേയ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഏഷ്യയിലെ 25 മികച്ച താരങ്ങളോടായിരിക്കും പോരാടുക. വിവിധ മോട്ടോര്‍സൈക്കിള്‍ മല്‍സര നിയമ ഭേദഗതികളും കൂടി ആകുമ്പോള്‍ മല്‍സരത്തിന് കടുപ്പമേറും. രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ ജപ്പാന്റെ ഐകി ഇയോഷിയും ഇന്തോനേഷ്യയുടെ മുഹമ്മദ് ഫാഡ്‌ലിയും ആദ്യ ഇക്വലൈസര്‍ കരസ്ഥമാക്കി. തായ്‌ലണ്ടില്‍ നിന്നുള്ള എപി ഹോണ്ട റേസിങിന്റെ അല്‍ഭുത വനിത മുക്ലഡ സറപോച്ചാണ് മൂന്നാം സ്ഥാനത്ത്.

എആര്‍ആര്‍സിയിലെ 1000സിസി ഏഷ്യാ സൂപ്പര്‍ബൈക്ക് വിഭാഗത്തില്‍ മലേഷ്യയുടെ ഹോണ്ട ഏഷ്യ-ഡ്രീം റേസിങ് ഷോവ ടീമിലെ ഷാഖ്‌വാന്‍ സെയ്ദി മികച്ച ഫോമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
തായ്‌ലണ്ട് ടാലന്റ് കപ്പിലൂടെ രാജ്യന്തര അരങ്ങേറ്റം കുറിച്ച ഹോണ്ടയുടെ കൗമാരക്കാരായ മൊഹമ്മദ് മിഖേയ്‌ലിനും (15-ാം റാങ്ക്) ക്രിതിക് ഹബീബിനും (16-ാം റാങ്ക്) ഏഷ്യയിലെ മികച്ചവരോടൊപ്പം റേസിനെ പരിചയപ്പെടാനുള്ള അവസരവും ഈ റൗണ്ടിലുണ്ട്.

TAGS: Honda |