ഹോണ്ട ടൂവീലറിന് പുതിയ ഫിനാന്‍സ് പങ്കാളിയായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

Posted on: May 14, 2019

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വായ്പാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമായി ധാരണാ പത്രം ഒപ്പുവച്ചു.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയയും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് റീട്ടെയില്‍-അസെറ്റ്‌സ് മേധാവി പ്രദീപ് നടരാജനുമാണ് ധാരാണാ പത്രം ഒപ്പുവച്ചത്. വാഹനം സ്വന്തമാക്കുന്നതിനുള്ള ചെലവേറുകയും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയും ടൂ വീലറുകള്‍ക്കുള്ള പുതിയ ബ്രേക്ക് ചട്ടങ്ങളും കാരണം കൂടുതല്‍ ടൂവീലര്‍ ഉടമകള്‍ ഇപ്പോള്‍ വായ്പയെ ആശ്രയിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ വായ്പകള്‍ ഒരുക്കേണ്ടത് അനിവാര്യമായെന്നും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമായുള്ള അധിക റീട്ടെയില്‍ ഫിനാന്‍സ് സഹകരണം ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുമെന്നും യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ധാരാണാ പത്രം അനുസരിച്ച് 999 രൂപ ഡൗണ്‍പേയ്‌മെന്റ് അടച്ച് ആകര്‍ഷകമായ പലിശ നിരക്കില്‍ വാഹന വിലയുടെ 100 ശതമാനവും വായ്പയായി ലഭ്യമാക്കും. പ്രോസസിങ് ഫീയൊന്നുമില്ല. 48 മാസം കാലാവധി ഏറ്റവും കുറഞ്ഞ ഇഎംഐ സാധ്യമാക്കുന്നു. ശരാശരി വായ്പയില്‍ 5000 രൂപവരെ ലാഭവും ലഭിക്കും.സഹകരണത്തിലൂടെ കൂടുതല്‍ സൗകര്യപ്രദവും വേഗത്തിലും ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാനാകുമെന്നും ഇത് ടൂവീലര്‍ ഫിനാന്‍സിങിലെ തങ്ങളുടെ സ്ഥാനം ഒന്നു കൂടി ശക്തമാകുമെന്നും ഹോണ്ടയുമായുള്ള സഹകരണം സ്ഥാപനത്തിനും ഉപഭോക്താവിനും ഒരുപോലെ നേട്ടമുണ്ടാക്കുമെന്നും പ്രദീപ് നടരാജന്‍ പറഞ്ഞു.

രാജ്യത്തെ 200ലധികം വരുന്ന ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ബ്രാഞ്ചുകളിലൂടെ 70 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇനി അവര്‍ക്ക് ഇഷ്ടപ്പെട്ട ഹോണ്ട ടൂവീലര്‍ എവിടെ വേണമെങ്കിലും സ്വന്തമാക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

TAGS: Honda |