ഓസ്‌ട്രേലിയയില്‍ നില മെച്ചപ്പെടുത്തി ഹോണ്ട ഇന്ത്യ റേസിങ് ടീം

Posted on: April 29, 2019

അഡ്‌ലെയ്ഡ്: ഏഷ്യയിലെ ഏറ്റവും കടുപ്പമേറിയ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പായ എഫ്‌ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഐഡിമിത്‌സു ഹോണ്ട റേസിങ് ടീമിന് സമ്മിശ്ര ഫലങ്ങള്‍. ഓസ്‌ട്രേലിയയിലെ ബെന്‍ഡ് മോട്ടോര്‍സ്‌പോര്‍ട്ട് പാര്‍ക്ക് റൗണ്ടില്‍ എപി 250 ക്ലാസ് വിഭാഗത്തില്‍ രാജീവ് 19:43:636 സമയത്തില്‍ 12-ാം സ്ഥാനത്ത് പൂര്‍ത്തിയാക്കി.
മികച്ച തുടക്കം കുറിച്ച രാജീവ് ഭൂരിഭാഗം സമയത്തും മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിച്ചു. അഞ്ചാമത്തെ ലാപ്പ് വരെ 11-ാം സ്ഥാനത്തായിരുന്നു. ആറാം ലാപ്പില്‍ പിന്‍ ടയറിന്റെ ട്രാക്ഷന്‍ നഷ്ടപ്പെട്ട് പിന്നിലേക്ക് നിങ്ങിയെങ്കിലും 12-ാം സ്ഥാനത്ത് പൂര്‍ത്തിയാക്കുകയായിരുന്നു.
രണ്ടാം റൗണ്ടില്‍ 10 പോയിന്റുകള്‍ കൂടി നേടിയ രാജീവ് മൊത്തം പോയിന്റില്‍ 12-ാം സ്ഥാനം നിലനിര്‍ത്തി.എഎആര്‍സിയില്‍ ആദ്യമായാണ് ഇത് നേടുന്നത്. രാജീവ് തന്റെ തന്നെ റെക്കോഡും സമയവും മെച്ചപ്പെടുത്തുന്നതിനും ഓസ്‌ട്രേലിയന്‍ റൗണ്ട് സാക്ഷ്യം വഹിച്ചു.
അതേസമയം സെന്തിലിന് എപി 250 റേസ്2 പൂര്‍ത്തിയാക്കാനായില്ല. സെന്തിലിന്റെ ബൈക്ക് സാങ്കേതിക തകരാറിനെ തുടര്‍ന്ന് പിറ്റിലേക്ക് മടങ്ങുകയായിരുന്നു. ജാപ്പനീസ് റൈഡര്‍ ഐകി ഇയോഷിയാണ് മുന്നിലെത്തിയത്. ഹോണ്ടയുടെ തന്നെ മുകലഡ സാറാപ്യൂച്ച് (2), തായ്‌ലണ്ടിന്റെ താച്ചകോണ്‍ ബുവാര്‍സി (3) എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലെത്തി. ഇതോടെ ഹോണ്ട ഇന്ത്യ ടീം എപി 250 ക്ലാസില്‍ ആദ്യ ഏഴു ടീമുകള്‍ക്കുള്ളിലുണ്ട്.
രാജീവിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടതായതിനാല്‍ ഇന്ന് കൂടുതല്‍ മികച്ച ഫലം ഉണ്ടാകുമായിരുന്നു വെന്നും എന്നാല്‍ സെന്തിലിന് റേസ് പൂര്‍ത്തിയാക്കാന്‍ പറ്റാതിരുന്നത് നിര്‍ഭാഗ്യമായെന്നും ടീമിന്റെ മുഴുവന്‍ പിന്തുണയും മുന്‍ റൈഡറായ കോയാമയുടെ റൈഡിങ് പരിശീലനത്തിലും ടീമിന് ആദ്യ 10 സ്ഥാനങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രാക്കുമായി കൂടുതല്‍ പരിചയമുള്ളതിനാല്‍ തായ്‌ലണ്ട് റൗണ്ടില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.