പുതിയ വോൾവോ എക്‌സ് സി 60 വിപണിയിൽ

Posted on: December 18, 2017

വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രമ്പും വൈസ്പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ) ജ്യോതി മൽഹോത്രയും ചേർന്ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പുതിയ എക്‌സ് സി 60 വിപണിയിലിറക്കുന്നു.

കൊച്ചി : ആഗോളതലത്തിൽ ഇതുവരെയായി 10 ലക്ഷത്തോളം യൂണിറ്റുകൾ വിറ്റ ആഡംബര സെഡാനായ എക്‌സ് സി 60 ന്റെ പുതിയ മോഡൽ വോൾവോ ഇന്ത്യൻ വിപണിയിലിറക്കി. അത്ഭുതകരമായ ഡ്രൈവിംഗ് അനുഭവം ലഭ്യമാക്കുന്ന പുതിയ സാങ്കേതിക വിദ്യ, സുഖകരമായ യാത്ര, വർധിച്ച സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒത്തിണങ്ങിയിരിക്കുന്ന പുതിയ എക്‌സ്‌സി 60 ന്റെ എക്‌സ് ഷോറൂം വില 55.9 ലക്ഷം രൂപയാണ്.

ഇന്ത്യയിൽ വോൾവോ വിറ്റ കാറുകളിൽ മൂന്നിലൊന്നും എക്‌സ് സി 60 ആണെന്ന് വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്റ്റർ ചാൾസ് ഫ്രമ്പ് പറഞ്ഞു. ഇന്ത്യയിൽ എസ്‌യുവി മോഡലുകൾക്ക് ഡിമാന്റ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ എക്‌സ് സി 60 വൻ വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

കാറിനകത്തുള്ളവർക്ക് മാത്രമല്ല, സൈക്കിൾ, കാൽനട യാത്രക്കാരടക്കമുള്ളവർക്കും സംരക്ഷണം ഉറപ്പുവരുത്തുന്ന സംവിധാനമാണ് എക്‌സ് സി 60 ലേത്. വേഗത 50 കിലോ മീറ്റർ വരെയാണെങ്കിൽ അപകടം മണയ്ക്കുന്ന സാഹചര്യത്തിൽ തനിയെ ബ്രേക്ക് വീഴും.

വോൾവോയുടെ പവർ പൾസ് സാങ്കേതിക വിദ്യയിൽ രൂപംകൊണ്ട കരുത്തുറ്റ ഡീസൽ എഞ്ചിനാണ് എക്‌സ് സി 60 ലേത്. ഇരട്ട ടർബോ എഞ്ചിൻ 480 എൻഎം ടോർക്കിൽ 173 കിലോ വാട്ട്, 235 എച്ച്പി കരുത്ത് പ്രദാനം ചെയ്യുന്നു. 8 സ്പീഡ് ഗിയർ ബോക്‌സ്, കർക്കശ യൂറോപ്യൻ, ഇന്ത്യൻ എമിഷൻ ചട്ടങ്ങൾക്കനുസൃതമായ പുതു തലമുറ പവർ ട്രെയിൻ, നാപ്പാ ലെതർ സീറ്റുകൾ, 15 സ്പീക്കറോടുകൂടിയുള്ള ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് സറൗണ്ട് സൗണ്ട് സിസ്റ്റം, എയർ സസ്പൻഷൻ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ഡിസ്റ്റൻസ് അലർട്, റിയർ ആൻഡ് ഫ്രണ്ട് പാർക് അസിസ്റ്റ് പൈലറ്റ്, ഡയമണ്ട് കട്ട് അലോയ് വീൽ, പവർ ടെയിൽ ഗെയ്റ്റ് തുടങ്ങിയവ എക്‌സ് സി 60 ലെ ആഡംബര സംവിധാനങ്ങളാണ്.

TAGS: Volvo XC60 |