വോൾവോ എക്‌സ് സി 90 വിപണിയിൽ

Posted on: May 13, 2015

Volvo--X-C-90-big

കൊച്ചി : വോൾവോ ഇന്ത്യ 7 സീറ്റുള്ള ആഡംബര എസ്‌യുവിയായ എക്‌സ് സി 90 മുംബൈയിൽ വിപണിയിൽ അവതരിപ്പിച്ചു. പുതിയ പവർട്രെയിൻ സാങ്കേതിക വിദ്യയാണ് എക്‌സ് സി 90 ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കരുത്തും ഇന്ധന ക്ഷമതയും ഒത്തിണങ്ങിയിട്ടുള്ള എക്‌സ് സി 90 ലെ ഇന്റീരിയർ ഫിനിഷ് ആകർഷകമാണ്. ഡി5 ഇൻസ്‌ക്രിപ്ഷൻ, മൊമന്റം മോഡലുകളിൽ എക്‌സ്‌സി 90 ലഭ്യമാണ്. യഥാക്രമം 77.9 ലക്ഷം രൂപയും 64.9 ലക്ഷം രൂപയുമാണ് വില (എക്‌സ് – ഷോറൂം ഡൽഹി). പുതിയ വോൾവോ എക്‌സ് സി 90 യുടെ ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബർ മുതൽ ഡെലിവറി ലഭിക്കും.

കൂടുതൽ വ്യക്തമായി കാണാവുന്ന അയൺ മാർക്ക് പുതിയ കാറിന്റെ പ്രത്യേകതയാണ്. വോൾവോയുടെ വരും തലമുറ കാറുകളുടെ കൂടുതൽ ശുഭാപ്തി വിശ്വാസത്തോടു കൂടിയുള്ള മുഖമാണ് ഈ അയൺ മാർക്ക് എടുത്തുകാട്ടുന്നത്. ഇത്രയധികം ആഡംബരം നിറഞ്ഞ ഇന്റീരിയർ വേറൊരു വോൾവോ കാറിലുമില്ല. ടാബ്‌ലറ്റ് പോലുള്ള ടച്ച് സ്‌ക്രീൻ കൺട്രോൾ കൺസോളാണ് എടുത്തു പറയാവുന്നത്.

ഡീസൽ എൻജിനുകളിൽ പരമാവധി ഇന്ധനക്ഷമത സാധ്യമാക്കുന്ന ഐ-ആർട് സാങ്കേതിക വിദ്യയാണ് വോൾവോയുടെ പുതിയ വിഇഎ എൻജിനിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 2.0 ലിറ്റർ ഫോർ – സിലിണ്ടർ ഡ്രൈവ്-ഇ പവർട്രെയിനാണ് എക്‌സ് സി 90. 470 എൻഎം ടോർക്കിൽ 225 എച്ച്പി കരുത്ത് പ്രദാനം ചെയ്യുന്നു. 8-സ്പീഡ് ഗിയർ ബോക്‌സാണ് എക്‌സ് സി 90 യുടേത്.

സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒരിക്കലും വിട്ടു വീഴ്ച ചെയ്തിട്ടില്ലാത്ത വോൾവോ എക്‌സ് സി 90 ൽ പുതിയൊരു സാങ്കേതിക വിദ്യ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ അപകടം സംഭവിക്കുന്നത് മണത്തറിഞ്ഞ് സീറ്റ്‌ബെൽറ്റുകൾ തനിയെ മുറുകുന്ന സംവിധാനമാണിത്. ഇരിപ്പിടത്തിൽ നിന്ന് തെന്നിപ്പോകാതിരിക്കാൻ ഇത് സഹായകമാണ്. അപകടത്തിൽ നട്ടെല്ലിന് പരിക്കേൽക്കാതിരിക്കാനായി സീറ്റിനും സീറ്റ് ഫ്രെയിം കുഷ്യനും ഇടയിൽ പുതിയ സംവിധാനവുമൊരുക്കിയിട്ടുണ്ട്.

വോൾവോ കാറുകളെ സംബന്ധിച്ചേടത്തോളം എക്‌സ്‌സി 90 ലൂടെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ തോമസ് ഏൺബർഗ് പറഞ്ഞു. ഈ കാറും എൻജിനും രൂപകൽപന ചെയ്യുന്നതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനകം 1100 കോടി ഡോളർ കമ്പനി ചെലവഴിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ പുറത്തിറങ്ങാൻ പോകുന്ന മികച്ച കാറുകൾക്ക് തുടക്കം കുറിക്കുകയാണ് എക്‌സ് സി 90 ലൂടെ യെന്ന് ഏൺബർഗ് വ്യക്തമാക്കി.