ഡി എസ് കെ ബെനേലി നാല് പുതിയ ബൈക്കുകൾ അവതരിപ്പിച്ചു

Posted on: February 6, 2016

DSK-Benelli-Autoexpo-launchകൊച്ചി : ഇറ്റാലിയൻ സൂപ്പർ ബൈക്കിംഗ് ബ്രാൻഡുമായ ബെനേലി ഓട്ടോ എക്‌സ്‌പോയിൽ നാല് പുതിയ സൂപ്പർ ബൈക്ക് മോഡലുകൾ അവതരിപ്പിച്ചു. ടി നേക്കഡ് ടി 135, ബി എക്‌സ് 250, ടോർനാടോ 300, ടി ആർ കെ 502 എന്നീ മോഡലുകലാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്. ഡി എസ് കെ ബനേലി ഷോറൂമുകളിൽ ഇവ ഉടൻ ലഭ്യമാകും.

ഡി എസ് കെ ബെനേലിയുടെ നിലവിൽ ലഭ്യമായ മോഡലുകളായ ടി എൻ ടി 25 സിംഗിൾ സിലിണ്ടർ 250 സി സി എൻജിൻ, ടി എൻ ടി 300, ടി എൻ ടി 600 ഐ, ടി എൻ ടി 600 ജി ടി, ടി എൻ ടി 899 തുടങ്ങിയ മോഡലുകളും ഓട്ടോ എക്‌സ്‌പോയിൽ ഉണ്ട്.

ഇതിന് പുറമേ ഉടൻ പുറത്തിറക്കുന്ന ടി എൻ ടി 600 ഐ, 600 ജി ടി മോഡലുകളുടെ എ ബി എസ് വേരിയന്റും ബെനെലി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ബൈക്കിംഗ് മേഖലയിൽ പുതിയ മത്സരത്തിന് കൂടിയാണ് ബെനെലി ഇതോടെ തുടക്കമിട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പ്രദർശനമായ ഓട്ടോ എക്‌സ്‌പോയിൽ പാങ്കാളിയാകാൻ സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡി എസ് കെ മോട്ടോ വീൽസ് ചെയർമാൻ ഷിരിഷ് കുൽക്കർണി പറഞ്ഞു. ബെനേലിയുടെ പുതിയ താരങ്ങളെ അണിനിരത്താൻ കഴിഞ്ഞത് ഇന്ത്യൻ വിപണിയിൽ ബെനെലിക്കുള്ള സ്വീകാര്യതയാണ് തെളിയിക്കുന്നത്.

വാഹന കമ്പക്കാർക്ക് ആവേശം പകർന്ന് ഇറ്റലിയിൽ ഇതിഹാസം രചിച്ച ബെനേലി ടോർനാഡോ ട്രി 1130 മോഡലും ഓട്ടോ എക്‌സ്‌പോയ്ക്ക് എത്തിച്ചിട്ടുണ്ട്. 1131 സി സി ത്രീ സിലിണ്ടറും 4 സ്‌ട്രോക്ക് എൻജിനും ഈ മോഡലിനു കരുത്ത് പകരുന്നു. ഡി എസ് കെ ബെനേലിക്ക് നിലവിൽ 15 ഷോ റൂമുകളാണ് രാജ്യത്തുള്ളത്. ഈ വർഷം പുതിയ അഞ്ച് ഷോറൂമുകൾ കൂടി ആരംഭിക്കും.