ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഫോക്‌സ്‌വാഗന് മൂന്ന് പുതിയ മോഡലുകൾ

Posted on: January 11, 2016

Volkswagen-India-Pune-Plant

കൊച്ചി : പതിമൂന്നാമത് ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഫോക്‌സ്‌വാഗൺ ഇന്ത്യ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കും. ഇന്ത്യയിലേക്ക് മാത്രമായി രൂപകൽപന ചെയ്യപ്പെട്ട, നാമകരണം ചെയ്യാനിരിക്കുന്ന കോംപാക്ട് സെഡാൻ, ടിഗ്വാൻ എസ് യു വി, പസാറ്റ് ജിറ്റിഇ എന്നിവയാണ് ഈ കാറുകൾ.

നാല് മീറ്ററിൽ താഴെ നീളമുള്ള പുതിയ കോംപാക്ട് സെഡാൻ ഫോക്‌സ്‌വാഗന്റെ മഹാരാഷ്ട്രയിലെ ചക്കാൻ ഫാകടറിയിലാണ് നിർമ്മിക്കുന്നത്. ഇന്ത്യയിൽ കോംപാക്ട് സെഡാൻ കാറുകൾക്കുള്ള വർധിച്ച സ്വീകാര്യത കണക്കിലെടുക്കുമ്പോൾ ഉന്നത സാങ്കേതിക വിദ്യ, ഒന്നാന്തരം സൗകര്യങ്ങൾ, ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയോടുകൂടിയ പുതിയ കോംപാകട് സെഡാൻ വിപണിയിൽ തിളങ്ങുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ഡയറക്ടർ മൈക്കൽ മേയർ പറഞ്ഞു.

പരിസ്ഥിതിക്കനുയോജ്യമായി രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് പസാറ്റ് ജിടിഇയുടേത് കരുത്തുറ്റ 1.4 ലീറ്റർ ടിഎസ്‌ഐ എൻജിനാണ്. ഇലക്ട്രിക് മോട്ടോറും ഇതിനോടൊപ്പമുണ്ട്. പരമാവധി ഇന്ധനക്ഷമത ലഭ്യമാക്കാൻ ഈ എൻജിന് കഴിയും.

ടിഗ്വാൻ എസ്‌യുവി വിഭാഗത്തിൽ യൂറോപ്പിൽ തരംഗം സൃഷ്ടിച്ച വാഹനമാണ്. ആഡംബരം, സുരക്ഷിതത്വം, മികവ് എന്നിവ ഒത്തുചേർന്നിരിക്കുന്ന ടിഗ്വാൻ ഇന്ത്യൻ എസ്‌യുവി വിപണിയിലും ചരിത്രം സൃഷ്ടിക്കും.

അടുത്തയിടെ വിപണിയിലെത്തിയ ട്വന്റിഫസ്റ്റ് സെഞ്ച്വറി ബീറ്റിൽ, ജെറ്റ, വെന്റോ, പോളോ, ക്രോസ് പോളോ എന്നിവയും ഡൽഹി എക്‌സ്‌പോയിൽ ഉൾപ്പെടുത്തുന്നതാണ്. ഇതോടെ 13-ാമത് ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ബ്രാൻഡുകളിലൊന്നായി ഫോക്‌സ്‌വാഗൺ മാറുമെന്ന് മൈക്കൽ മേയർ പ്രതീക്ഷ പ്രകടിപ്പിച്ചു.