ഹോണ്ട ആക്റ്റിവ വിൽപ്പന ഒരു കോടി കവിഞ്ഞു

Posted on: August 19, 2015

Honda-Activa-red-Big

കൊച്ചി : വിൽപ്പനയിൽ ഒരു കോടി മറികടക്കുന്ന ആദ്യ സ്‌കൂട്ടർ എന്ന ബഹുമതി ഹോണ്ട ആക്റ്റിവ കരസ്ഥമാക്കി. 2001-ൽ ആദ്യമായി വിപണിയിലെത്തിയ ആക്റ്റിവ മോട്ടോർ സൈക്കിളുകളെ പിന്നിലാക്കി ഏറ്റവും കൂടുതൽ വിൽപനയുള്ള ഇരുചക്ര വാഹനം എന്ന പദവിയും നേടി. 2001-ൽ 55,000 യൂണിറ്റുകളാണ് വിറ്റെങ്കിൽ 2014-15-ൽ ഇത് 21 ലക്ഷമായി കുതിച്ചുയർന്നു. രാജ്യത്തെ സ്‌കൂട്ടർ യാത്രക്കാരിൽ രണ്ടിലൊരാൾ ആക്റ്റിവയാണ് ഉപയോഗിക്കുന്നത്. സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയുടെ വിഹിതമാകട്ടെ 59 ശതമാനവുമാണ്. ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിലാണ് വിൽപനയിൽ മോട്ടോർ സൈക്കിളുകളെ ആക്റ്റിവ മറികടന്നത്.

പിന്നോക്കം പോയിക്കൊണ്ടിരിക്കയായിരുന്ന ഇന്ത്യൻ സ്‌കൂട്ടർ വിപണിക്ക് പുതുജീവൻ നൽകാൻ മാത്രമല്ല; ജനസമ്മതിയിൽ മോട്ടോർ സൈക്കിളുകളെ പിന്നിലാക്കാനും ആക്റ്റിവയ്ക്ക് കഴിഞ്ഞുവെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് കിയറ്റ മരമറ്റ്‌സു പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ രണ്ടര ലക്ഷം സ്‌കൂട്ടറുകൾ ഹോണ്ട വിറ്റതായി സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) വൈ.എസ്. ഗൂലേറിയ അറിയിച്ചു. ഒരു മാസം ഇത്രയധികം സ്‌കൂട്ടറുകൾ ഇന്ത്യയിൽ വിൽക്കപ്പെടുന്നത് ഇതാദ്യമാണ്.