നിക്ഷേപിക്കുന്നതിനുമുമ്പ് സംരംഭങ്ങളെ മനസിലാക്കണം : ശാന്തി മോഹന്‍

Posted on: November 24, 2018

കൊച്ചി : സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിനു മുമ്പ് സംരംഭങ്ങളെക്കുറിച്ച് നിക്ഷേപകര്‍ വിശദമായ പഠനം നടത്തണമെന്ന് ലെറ്റ്‌സ് വെഞ്ച്വര്‍ സ്ഥാപകയും സിഇഒയുമായ ശാന്തി മോഹന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഏന്‍ജല്‍ നിക്ഷേപകര്‍ക്കായി സംഘടിപ്പിച്ച പരിശീലന കളരിയായ എലിവേറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയിലെ നിക്ഷേപകരില്‍ 0.2 ശതമാനം പേര്‍ മാത്രമേ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നുള്ളൂ. മറിച്ച് അമേരിക്കയില്‍ ആറു ശതമാനം നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യയിലെ ശരാശരി നിക്ഷേപകരുടെ മനോഭാവം വച്ച് ഈ രംഗത്ത് കാര്യമായ മാറ്റം വരാന്‍ സമയമെടുക്കുമെന്നും അവര്‍ പറഞ്ഞു.

ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ പത്തു മുതല്‍ പതിനഞ്ച് വര്‍ഷം കണക്കാക്കിയാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ അത് രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിക്ഷേപം നടത്തുന്നതിനുമുമ്പ് സ്റ്റാര്‍ട്ടപ്പ് സംരംഭത്തെക്കുറിച്ച് നല്ല രീതിയില്‍ പഠിക്കണം. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്ന് ഉറപ്പുള്ള സംരംഭങ്ങളില്‍ മാത്രമേ നിക്ഷേപം നടത്താവൂ. സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരുമായി ആശയവിനിമയം നടത്തേണ്ടതാണ്. ശ്രദ്ധയോടെയുയള്ള നീക്കം ഏറെ പ്രധാനമാണ്.

ബിസിനസ് പഠിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ പണം നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു. ജനകീയമെന്നു തോന്നാവുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നത് സൂക്ഷിച്ചു വേണമെന്ന് അവര്‍ പറഞ്ഞു. ഭാവി സാധ്യതയും പ്രതീക്ഷ നല്‍കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടതെന്നും ശാന്തി മോഹന്‍ പറഞ്ഞു.

2009 നു ശേഷം സാങ്കേതിക രംഗത്ത് ഇന്ത്യ സുപ്രധാന കാല്‍വയ്പ് നടത്തിയെന്ന് സ്‌പെഷ്യല്‍ ഇന്‍വവെസ്റ്റിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ വിശേഷ് രാജാറാം ചൂണ്ടിക്കാട്ടി. ഗഹനമായ സാങ്കേതിക വിദ്യയില്‍ നിക്ഷേപം നടത്താനുള്ള സമയമായി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവയ്ക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ പി എം റിയാസ് ആമുഖ പ്രഭാഷണം നടത്തി. നിക്ഷേപക ശേഷിയുള്ളവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന പഠന പരിപാടിയാണ് എലിവേറ്റ്. ഇതു വഴി സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപത്തിന്റെ സാധ്യതകളെക്കുറിച്ച് മനസിലാക്കാനും വേദിയൊരുക്കുന്നു. സമാനമായ പരിപാടി തിരുവനന്തപുരത്തും നടത്തിയിരുന്നു.