സ്മാർട് ഫിഫ്റ്റി മത്സരം : ദക്ഷിണേന്ത്യയിലെ മികച്ച 40 സ്റ്റാർട്ടപ്പുകളിൽ നവാൾട്ട് സോളാറും

Posted on: March 7, 2018

തിരുവനന്തപുരം : സ്മാർട് ഫിഫ്റ്റി മത്സരത്തിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള 40 മികച്ച സ്റ്റാർട്ടപ്പുകളിലൊന്നായി കൊച്ചിയിലെ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ് തെരഞ്ഞെടുക്കപ്പെട്ടു. കോൽക്കത്ത ഐഐഎം ഇന്നവേഷൻ പാർക്ക്, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പുമായി ചേർന്നാണ് സ്മാർട്ട് ഫിഫ്റ്റി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യമാകെയുള്ള സ്റ്റാർട്ടപ്പുകളിൽനിന്ന് ഏറ്റവും മികച്ച 50 നൂതന പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ മത്സരം.

തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്കുള്ള പ്രാഥമിക ക്യാമ്പ് മാർച്ച് 19 മുതൽ 22 വരെ കോൽക്കത്ത ഐഐഎമ്മിൽ നടക്കും. മാർച്ച് 23 നു നടക്കുന്ന സെമി ഫൈനലിൽ നിന്ന് 10 സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കും. മാർച്ച് 31 ന് ഡൽഹിയിലാണ് ഗ്രാൻഡ് ഫിനാലെ. ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾ അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളെ ഗ്രാൻഡ് ഫിനാലെയിൽ തിരഞ്ഞെടുക്കും

ഏറ്റവും മികച്ച പത്തു സ്റ്റാർട്ടപ്പുകൾക്ക് ഒരുകോടി രൂപ വീതം ഫണ്ടും കൊൽക്കത്ത ഐഐഎം ഇന്നവേഷൻ പാർക്കിൽ ഇൻകുബേഷൻ അവസരവും ലഭിക്കും. മികച്ച 50 സ്റ്റാർട്ടപ്പുകളിൽ ഉൾപ്പെടുന്നവയ്ക്ക് നാലു ലക്ഷം രൂപ വീതം ഫണ്ടും മെന്ററിംഗ് അവസരവും ലഭിക്കും. മികച്ച നാനൂറു സ്റ്റാർട്ടപ്പുകളുടെ പട്ടികയിലുൾപ്പെടുന്നവയ്ക്ക് ഒരു ലക്ഷം രൂപ വീതവും ആദ്യ 3000 സ്റ്റാർട്ടപ്പുകളിൽ ഉൾപ്പെടുന്നവയ്ക്ക് 50,000 രൂപ വീതവും ഫണ്ട് ലഭിക്കും. മികച്ച 50 എണ്ണത്തിൽപ്പെടുന്ന സ്റ്റാർട്ടപ്പുകൾ എൻഡിടിവി 24ത7 സ്മാർട് ഫിഫ്റ്റി സീരീസിൽ അവതരിപ്പിക്കപ്പെടും.

കേരള സ്റ്റാർട്ടപ്പ് മിഷ (കെഎസ്‌യുഎം) ന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന നവാൾട്ട് അമേരിക്കയിലെ ലോസ്ആഞ്ചലസിൽ നടന്ന ക്ലീൻടെക് ഗ്ലോബൽ ഫോറം 2017 ൽ പങ്കെടുത്ത് ക്ലീൻടെക് ഇന്നവേഷൻ അവാർഡും നേടിയിരുന്നു.