രവി മേനോൻ ഏഷ്യ-പസഫിക്കിലെ ഏറ്റവും മികച്ച സെൻട്രൽ ബാങ്ക് മേധാവി

Posted on: January 5, 2018

ദുബായ് : യുകെയിലെ ദ ബാങ്കർ മാസിക, ഏഷ്യ-പസഫിക്കിലെ ഏറ്റവും മികച്ച സെൻട്രൽ ബാങ്ക് മേധാവിയായി മോണിട്ടറി അഥോറിട്ടി ഓഫ് സിംഗപ്പൂർ മാനേജിംഗ് ഡയറക്ടർ രവി മേനോനെ തെരഞ്ഞെടുത്തു. സിംഗപ്പൂരിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് രവി മേനോൻ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഈ അന്തർദേശീയ അംഗീകാരം. ഓഫീസറായി 1987 ൽ മോണിട്ടറി അഥോറിട്ടി ഓഫ് സിംഗപ്പൂരിൽ ചേർന്ന രവി മേനോൻ 2011 ഏപ്രിൽ മുതൽ മാനേജിംഗ് ഡയറക്ടറാണ്.

സാമ്പത്തിക മേഖലയിൽ സാങ്കേതികവിദ്യയുടെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താൻ ഫിൻടെക് ഗ്രൂപ്പിന് രൂപം നൽകിയ ആദ്യ സെൻട്രൽ ബാങ്ക് ആണ് മോണിട്ടറി അഥോറിട്ടി ഓഫ് സിംഗപ്പൂർ. ക്രിപ്റ്റകറൻസികളിലെ നിക്ഷേപത്തിനെതിരെ രവി മേനോന്റെ നേതൃത്വത്തിൽ മോണിട്ടറി അഥോറിട്ടി ഓഫ് സിംഗപ്പൂർ അടുത്തയിടെ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.