കേരളത്തിനു ദുരിതാശ്വാസ നിധിയുമായി എൻസിപിഎ

Posted on: September 12, 2018

മുംബൈ : പ്രളയ ദുരന്തം നേരിട്ട കേരളത്തിന്റെ പുനർനിർമ്മിതിക്കായി ധനശേഖരണാർത്ഥം മുംബൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ പെർഫോർമിംഗ് ആർട്‌സ് (എൻസിപിഎ) സപ്പോർട്ട് ഫോർ കേരള കലാപരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 മുതൽ 30 വരെയാണ് ഫണ്ട് റേസിംഗ് ഡ്രൈവ് എൻസിപിഎ സംഘടിപ്പിക്കുന്നത്.

പ്രശസ്ത ബോളിവുഡ് ഗായകനായ കൈലാസ് ഖേർ നടത്തുന്ന സംഗീത വിരുന്ന്, പ്രമുഖ ക്ലാസിക്കൽ നർത്തകർ അവതരിപ്പിക്കുന്ന മൾട്ടി ഡാൻസ് പെർഫോർമൻസ് എന്നിവ പരിപാടിയുടെ ഭാഗമായുണ്ട്. കലാവിരുന്നിന്റെ ടിക്കറ്റുകളിൽ നിന്നു ലഭിക്കുന്ന വരുമാനം കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻസിപിഎ സംഭാവന നൽകും. എൻസിപിഎ യുടെ ജീവനക്കാർ ശമ്പളത്തിന്റെ ഒരു ഭാഗവും എൻസിപിഎ അംഗങ്ങളും രക്ഷാധികാരികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് എൻസിപിഎ ചെയർമാൻ ഖുശ്‌റു എൻ സന്ദൂക്ക് പറഞ്ഞു.

നിരവധി പ്രമുഖ കലാപ്രവർത്തകരെ സംഭാവന ചെയ്യുകയും അത് തുടരുകയും ചെയ്യുന്ന നാടാണ് കേരളം. അതിനു പ്രളയത്താലുണ്ടായ നഷ്ടം വളരെ വലുതാണ്. എല്ലാം നഷ്ടപ്പെട്ട് ജീവിതം ദുരിതത്തിലായവരെ സഹായിക്കാനുള്ള എൻസിപിഎ യുടെ ഉദ്യമത്തിനു പിന്തുണ നൽകിയ കലാപ്രവർത്തകർക്കും അംഗങ്ങൾക്കും കാണികളോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് സന്ദൂക്ക് പറഞ്ഞു.

എൻസിപിഎ മുംബൈയിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ നമ്പർ 022 66223737