ഹൈറ്റ്‌സ് സിടിസി വ്യവസായ മേഖലയിലേക്കും

Posted on: November 18, 2016

medical-equipments-big

തിരുവനന്തപുരം : എച്ച്എൽഎൽ ഇൻഫ്രാ ടെക്കിന്റെ ഡിവിഷനായ സെന്റർ ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ (ഹൈറ്റ്‌സ് സിടിസി) വ്യവസായമേഖലയിലേക്കും പ്രവേശിക്കുന്നു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറിയുടെയും (എൻഎബിഎൽ) അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെയും അക്രഡിറ്റേഷൻ ലഭിച്ചതോടെയാണ് ഹൈറ്റ്‌സ് സിടിസിക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയുന്നത്. സർക്കാർ മേഖലയിൽ ഈ രണ്ട് അംഗീകാരങ്ങളും ലഭിക്കുന്ന ആദ്യസ്ഥാപനമാണ് ഹൈറ്റ്‌സ് സിടിസി.

ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിൽ നേട്ടം കൈവരിച്ചിട്ടുള്ള ഹൈറ്റ്‌സ് സിടിസി മെഡിക്കൽ ഉപകരണങ്ങളുടെ കൃത്യതാ നിർണയവുമായി ബന്ധപ്പെട്ടാണ് പ്രവർത്തനമാരംഭിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് ഹൈറ്റ്‌സ് സിടിസി വ്യവസായമേഖലയിലേയ്ക്ക് കടക്കുന്നത്.

ബ്ലഡ് ബാങ്കുകൾ, സ്വകാര്യ-സർക്കാർ മേഖലകളിലെ ആശുപത്രികൾ എന്നിവയടക്കം ഇന്ത്യയിലെങ്ങുമുള്ള മെഡിക്കൽ സ്ഥാപനങ്ങളിൽ യന്ത്രസംവിധാനങ്ങളുടെ പരിശോധന, കൃത്യതാ നിർണയം തുടങ്ങിയ സേവനങ്ങൾ സിടിസി നൽകുന്നുണ്ട്. മെഡിക്കൽ ഡയഗ്‌നോസ്റ്റിക് അൾട്രാ സൗണ്ട് ഗുണപരിശോധന നടത്തുന്നതിനുള്ള രാജ്യത്തെ ഏറ്റവും ഫലപ്രദമായ സംവിധാനവും സിടിസിക്കുണ്ട്.

മെഡിക്കൽ രംഗത്ത് കൃത്യതാ നിർണയം അവഗണിക്കപ്പെട്ട മേഖലയാണെങ്കിലും ഡോക്ടർമാർക്ക് പരിശോധനാഫലങ്ങളുടെ കൃത്യത ഉറപ്പാക്കാനും രോഗിക്ക് മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ നൽകുന്നതിനും ഇത് ആവശ്യമാണെന്ന് എച്ച്.എൽ.എൽ ലൈഫ്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ.പി ഖണ്‌ഡേൽവാൽ പറഞ്ഞു.

രാജ്യത്താകമാനം ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിൽ മെഡിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുകയാണ് സിടിസിയുടെ ലക്ഷ്യമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ എസ്. എൻ. സാത്തു വ്യക്തമാക്കി.