വ്യവസായങ്ങള്‍ നാടിനെ ചൂഷണം ചെയ്യുകയാണെന്ന മനോഭാവം മാറണം – മുഖ്യമന്ത്രി പിണറായി വിജയന്‍

Posted on: February 13, 2019

കൊച്ചി : വ്യവസായങ്ങള്‍ വരുന്നത് നാടിനെ ചൂഷണം ചെയ്യാനാണെന്ന പൊതുധാരണ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസെന്‍ഡ് കേരള 2019 സമ്മേളനം ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങളുമായി ബന്ധപ്പെട്ട അനുമതി 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നിയമം. തുടക്കമെന്ന നിലയിലാണ് 30 ദിവത്തെ കണക്ക് വച്ചിരിക്കുന്നത്. ഭാവിയില്‍ അത് 15 ദിവസമായി ചുരുക്കാനും സര്‍ക്കാര്‍ ഉദേശിക്കുന്നുണ്ട്. അപേക്ഷ നല്‍കിയാല്‍ ലൈസന്‍സ് നല്‍കാതിരിക്കുന്ന മനോഭാവം അപൂര്‍വം ചിലര്‍ക്കെങ്കിലും ഉണ്ട്. അതവസാനിച്ചു കഴിഞ്ഞുവെന്ന് അത്തരക്കാര്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യാവസായിക അനുമതിയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യത്തിലും 30 ദിവസമെന്ന പരിധി ബാധകമാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. വില്ലേജ് ഓഫീസുമുതല്‍ സെക്രട്ടറിയേറ്റ് വരെ ഇത് നടപ്പാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

നാട്ടില്‍ ഒരു വ്യവസായ യൂണിറ്റ് വരുമ്പോള്‍ അത് നാടിനെ സഹായിക്കാനാണെന്ന എല്ലാവരും മനസിലാക്കണം. ഒരാള്‍ക്കോ ആയിരം പേര്‍ക്കോ തൊഴില്‍ നല്കുന്നതിലൂടെ നാടിന്റെ വികസനത്തിനാണ് ഇവര്‍ സഹായിക്കുന്നത്. പ്രധാനമായും വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ ബോധമുണ്ടാകണം. വ്യാവസായിക അനുമതിക്കായുള്ള കേരള സര്‍ക്കാരിന്റെ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്‌പെരന്റ് ക്ലിയറന്‍സ്(കെ-സ്വിഫ്റ്റി)ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാന വ്യവസായ വകുപ്പ് തയ്യാറാക്കിയ ഇന്‍വസ്റ്റ് കേരള ഗൈഡും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഓരോ വ്യവസായങ്ങളുടെ സ്വഭാവത്തിനനുസരിച്ച് പ്രത്യേക വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. പൊതുമേഖലയില്‍ മാത്രമല്ല സ്വകാര്യ മേഖലയിലും വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കും. ഗ്രാമങ്ങളില്‍ 25 ഏക്കറും നഗരപ്രദേശങ്ങളില്‍ 15 ഏക്കറുമായിരിക്കും പാര്‍ക്കുകള്‍ തുടങ്ങാനുള്ള പരിധി. പൊതുമേഖലയിലെ വ്യവസായ പാര്‍ക്കുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സ്വകാര്യമേഖലയിലെ പാര്‍ക്കിലും സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും ഭേദഗതി ചെയ്താണ് വ്യവസായ അനുമതിയ്ക്കായുള്ള നിയമം സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയത്. ഓണ്‍ലൈന്‍ അപേക്ഷകളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി ബന്ധപ്പെട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കും. പൊതുമേഖല, പാരമ്പര്യവ്യവസായങ്ങള്‍ എന്നിവയെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു കൊണ്ടായിരിക്കും സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷം കൊണ്ട് 36,000 ചെറുകിട വ്യവസായ യൂണിറ്റുകള്‍ കേരളത്തില്‍ തുടങ്ങി. 1,25,000 പേര്‍ക്ക് ഇതിലൂടെ ജോലി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ സംബന്ധിയായ സമഗ്രവിവരങ്ങള്‍ അടങ്ങിയ ഇന്‍വെസ്റ്റ് കേരള വെബ് പോര്‍ട്ടല്‍ ഇ.പി ജയരാജന്‍ നാടിനു സമര്‍പ്പിച്ചു. ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മന്റ് സിസ്റ്റം(ഐബിപിഎംഎസ്) ഉള്‍പ്പെടെ ഈ വൈബ്‌സൈറ്റി ലൂടെ അവതരിപ്പിച്ചു. യുവാക്കളെ തൊഴിലന്വേഷകരില്‍ നിന്ന് സംരംഭകരാക്കാനുള്ള പദ്ധതികളും നയരൂപീകരണവുമാണ് വ്യവസായമേഖലയില്‍ ഈ സര്‍ക്കാരിന്റെ പ്രധാന നടപടിയെന്ന ചടങ്ങില്‍ സ്വാഗതം പറഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വളര്‍ച്ചയ്ക്കും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനു വേണ്ടി നിലവിലുള്ള എല്ലാ നിയമങ്ങളും ഭേദഗതി ചെയ്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ-വാണിജ്യ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ചൂണ്ടിക്കാട്ടി. അസെന്‍ഡ് കേരളയെ സദസ്സിന് പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. നിക്ഷേപക സൗഹൃദ റാങ്കിംഗില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യ കുതിച്ചു ചാട്ടമാണ് നടത്തിയതെന്ന് ഫിക്കി ദേശീയ പ്രസിഡന്റ് സന്ദീപ് സോമാനി പറഞ്ഞു. ഈ നേട്ടത്തിന്റെ ഗുണഫലം തീര്‍ച്ചയായും കേരളത്തിനും ലഭിക്കും. വ്യവസായ മേഖലയുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ സമന്വയം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിജ്ഞാന സംബന്ധിയായ വ്യവസായങ്ങളെ എങ്ങിനെ പ്രോത്സാഹിപ്പിക്കാം എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്ന് സിഐഐ ദക്ഷിണേന്ത്യ ചെയര്‍മാന്‍ ആര്‍ ദിനേശ് പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ആദ്യ മൂന്നിലെത്താനാണ് കേരളം ശ്രമിക്കേണ്ടത്. വ്യവസായങ്ങളുടെ ഭാഗത്തു നിന്നുള്ള തൊഴിലവസരം വരും വര്‍ഷങ്ങളില്‍ 20 ശതമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥലക്കൈമാറ്റത്തിലെ നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കണമെന്ന് കെ എസ് എസ് ഐ എ പ്രസിഡന്റ് എം ഖാലിദ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷാനിര്‍ഭരമായ തുടക്കമാണ് അസെന്‍ഡ് കേരള സമ്മേളനത്തില്‍ ഉണ്ടായിരിക്കുന്നതെന്ന ടൈ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എം എസ് എ കുമാര്‍ പറഞ്ഞു. വ്യവസായ ലോകത്ത് ആത്മവിശ്വാസം പകരുന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദ്ഘാടന സമ്മേളനത്തില്‍ നന്ദി പ്രകാശിപ്പിക്കവെ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വ്യാവസായിക വളര്‍ച്ചയെ സംബന്ധിക്കുന്ന സുപ്രധാന ചര്‍ച്ചകളാണ് അസെന്‍ഡ് കേരള സമ്മേളനത്തില്‍ നടന്നത്. സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ പ്രതിനിധികള്‍, സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി 3000-ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.