മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ അധിക്ഷേപിച്ച സിനിമയ്‌ക്കെതിരെ പരാതി

Posted on: October 15, 2017

കോട്ടയം : മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ അധിക്ഷേപിച്ച സിനിമയ്‌ക്കെതിരെ പരാതി. ഉദാഹരണം സുജാത എന്ന ചലചിത്രത്തിലാണ് മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ ജാതീയമായി അധിക്ഷേപിക്കുന്ന ഭാഗം ചിത്രീകരിച്ചിട്ടുള്ളതെന്ന് കെ.ആർ.നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് പറഞ്ഞു. ഇതിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സാംസ്‌ക്കാരിക പട്ടികജാതി വകുപ്പ് മന്ത്രി, പട്ടികജാതി പട്ടിക വകുപ്പ് കമ്മീഷൻ എന്നിവർക്ക് എബി ജെ. ജോസ് പരാതി നൽകി.

ഉദാഹരണം സുജാത എന്ന ചലചിത്രത്തിൽ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം മഞ്ജുവാര്യർ അവതരിപ്പിക്കുന്ന കഥാപാത്രത്തോടു പറയുന്നതായിട്ടാണ് അധിക്ഷേപം അടങ്ങിയ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. പിതാക്കൻമാരുടെ ജോലി തന്നെ മക്കൾ ചെയ്യേണ്ടിവന്നാൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ തെങ്ങുകയറ്റക്കാരനാകേണ്ടി വരുമെന്നാണ് നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നത്. യഥാർത്ഥത്തിൽ കെ.ആർ.നാരായണന്റെ പിതാവ് നാട്ടുവൈദ്യനാണെന്നിരിക്കെ ഇത്തരത്തിലൊരു പരാമർശം ഉൾപ്പെടുത്തിയത് കെ.ആർ.നാരായണനെ ബോധപുർവം അധിക്ഷേപിക്കുന്നതിനു വേണ്ടിയാണെന്നു എബി ജെ. ജോസ് ചൂണ്ടിക്കാട്ടി.

കൂടാതെ മുൻ രാഷട്രപതി അബ്ദുൾ കലാം മീൻപിടുത്തക്കാരനാകേണ്ടയാളാണെന്നും ഇതിനൊപ്പം പറയുന്നുണ്ട്. അബ്ദുൾ കലാമിന്റെ പിതാവ് ബോട്ടുകൾ വാടകയ്ക്കു കൊടുക്കുന്ന ജോലി നോക്കിയിരുന്ന വ്യക്തിയായിരുന്നുവെന്നിരിക്കെയാണ് തെറ്റായ പരാമർശം സിനിമയിൽ ഉൾപ്പെടുത്തിട്ടുള്ളത്. കലയുടെ പേരിൽ എന്തും പറയാമെന്ന ധാരണ ചലചിത്ര പ്രവർത്തകർ വച്ചു പുലർത്തുന്നതാണ് ഇത്തരം സംഭവങ്ങൾക്കു പിന്നിലെന്നു കെ.ആർ.നാരായണൻ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.

TAGS: K R Narayanan |