നൈപുണ്യ വികസന പദ്ധതികളുമായി ഐ എസ് ടി ഡി

Posted on: August 26, 2017

കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെൻറ് (ഐ എസ് ടി ഡി) നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ മേഖലയിലും ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ വൈദഗ്ധ്യം നേടിയവരെ കുറിച്ച് വിലയിരുത്തൽ നടത്തുന്നതിനുള്ള നോഡൽ ഏജൻസി കൂടിയാണ് ഐ എസ് ടി ഡി. തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുക വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും വൈദഗ്ധ്യം വർധിപ്പിക്കുകയുമാണ് ഐ എസ് ടി ഡി ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ വിവിധ എൻജിനീയറിംഗ് കോളജുകളുമായി സഹകരിച്ച് ഐ സി ടി കേരള അക്കാദമിയുടെ സഹകരണത്തോടെ പരിശീലന പരിപാടികൾ നടപ്പാക്കാനും ഐ എസ് ടി ഡി കൊച്ചി ചാപ്റ്ററിന് പദ്ധതിയുണ്ട്. ഇതിനായി സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐ ടി, കമ്യൂണിക്കേഷൻസ്, ടെക്‌നോളജി (ഐ സി ടി) കേരള അക്കാദമിയുമായി ഐ എസ് ഡി പി ധാരണയിലെത്തിക്കഴിഞ്ഞു. പരിശീലന പരിപാടികൾക്കായി ബഹ്‌റിൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റുമായി ഐ എസ് ടി ഡി ധാരണാപത്രം ഒപ്പുവച്ചു.

മാറുന്ന വ്യവസായ സാഹചര്യങ്ങളിൽ ഉത്പാദന മേഖലയിലെ കുതിച്ചു ചാട്ടത്തിന് തൊഴിലാളികളുടെ വൈദഗ്ധ്യവും വിദ്യാഭ്യാസ നിലവാരവും പ്രധാന ഘടകമാണെന്ന് ഐ എസ് ടി ഡി ദേശീയ പ്രസിഡണ്ട് ഡോ. ആർ. കാർത്തികേയൻ അഭിപ്രായപ്പെട്ടു.

വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി ഐ എസ് ടി ഡി കൊച്ചി ചാപ്റ്റർ പ്രതിജ്ഞാബദ്ധമാണെന്നും അത്‌കൊണ്ട് തന്നെയാണ് എല്ലാ വർഷവും മികച്ച പരിശീലകർക്ക് കൊച്ചി ചാപ്റ്റർ അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും കൊച്ചി ചാപ്റ്റർ ചെയർമാൻ ജോസ് പി ഫിലിപ്പ്, വൈസ് ചെയർപേഴ്‌സൺ എൽ. നിർമ്മല എന്നിവർ പറഞ്ഞു.