സിൽക്ക് എയർ ട്രിവാൻഡ്രം സൈക്ലത്തോൺ ഏപ്രിൽ എട്ടിന്

Posted on: March 15, 2017

തിരുവനന്തപുരം : സൈക്കളിംഗ് ആവേശത്തിന്റെ മണിമുഴക്കി ട്രിവാൻഡ്രം സൈക്ലത്തോണിന്റെ രണ്ടാംപതിപ്പിന് അരങ്ങൊരുങ്ങുന്നു. സൈക്കളിംഗ് പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാനുമായി സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ ഏക കൂട്ട സൈക്കിളോട്ടമായ സിൽക്ക് എയർ ട്രിവാൻഡ്രം സൈക്ലത്തോൺ 2017 ഏപ്രിൽ എട്ടിന് നടക്കും.

വെള്ളയമ്പലം മാനവീയം വീഥിയിൽ രാവിലെ അഞ്ചു മണിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന സൈക്ലത്തോണിന്റെ രജിസ്‌ട്രേഷനു തുടക്കമായി. വെള്ളയമ്പലം-കവടിയാർ-പട്ടം-പിഎംജി-വെള്ളയമ്പലം സർക്യൂട്ടാണ് സൈക്കളിംഗിനായി നിശ്ചയിച്ചിട്ടുള്ളത്. സ്റ്റാർട്ടിംഗ് പോയിന്റായ മാനവീയം വീഥിയിൽ തന്നെയാണ് ഫിനിഷിങ്ങും.

വായുമലിനീകരണം കുറയ്ക്കാനും നഗരത്തെ വൃത്തിയും ആരോഗ്യവുമുള്ളതാക്കാനും ലക്ഷ്യമിടുന്ന സൈക്ലത്തോൺ സംഘടിപ്പിക്കുന്നത് സ്റ്റാർക്ക് കമ്യൂണിക്കേഷൻസാണ്. സിൽക്ക് എയർ സ്‌പോൺസറും മാസ്റ്റർ കാർഡ് പാർട്ണറുമാണ്. നഗരത്തിലെ പ്രധാന സൈക്കളിംഗ് ക്ലബുകളായ ഇൻഡസ് സൈക്കളിംഗ് എംബസി, ട്രിവാൻഡ്രം ബൈക്കേഴ്‌സ് ക്ലബ് എന്നിവയുടെ സഹകരണവുമുണ്ട്.

കുട്ടികളുൾപ്പെടെ ഏതു പ്രായക്കാർക്കും പങ്കെടുക്കാം. പത്തിനും പന്ത്രണ്ടിനുമിടെ പ്രായമുള്ള കുട്ടികൾക്കായുള്ള 2.5 കി.മീ. സ്റ്റാർക്ക് കിഡ്‌സ് ഫൺ റൈഡ്, നിശ്ചയദാർഢ്യവും ശാരീരികശേഷിയുമളക്കുന്ന, 18 വയസ്സു തികഞ്ഞവർക്കുള്ള 40 കിലോമീറ്റർ ചാമ്പ്യൻസ് റൈഡ്, 13 വയസ്സു തികഞ്ഞവർക്കുള്ള 14 കിലോമീറ്റർ നീളുന്ന ട്രിവാൻഡ്രം ഫിറ്റ്‌നസ് റൈഡ്, 20 കിലോമീറ്റർ ടീം ചലഞ്ച് എന്നിങ്ങനെ വിവിധ ഇനങ്ങളിൽ സൈക്കളിംഗിനു സൗകര്യമുണ്ട്. രണ്ടു മണിക്കൂർ കൊണ്ടു ഫിനിഷ് ചെയ്യേണ്ട ചാമ്പ്യൻസ് റൈഡിന് അൻപതിനായിരം രൂപയാണ് ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് ആകെ സമ്മാനത്തുക. ഫിറ്റ്‌നസ് റൈഡിൽ ജേതാക്കളാകുന്നവർക്ക് ട്രോഫികളും എല്ലാ വിഭാഗങ്ങളിലും നിശ്ചിത സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്നവർക്ക് മെഡലുകളും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.

സിൽക്ക് എയർ ട്രിവാൻഡ്രം സൈക്ലത്തോണിൽ റജിസ്റ്റർ ചെയ്യാൻ www.trivandrumcyclathon.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 9946669958, ഇ-മെയിൽ [email protected]