ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജി കോൺഫറൻസ് നാളെ

Posted on: March 7, 2017

ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ സിൽവർ ജൂബിലി കോൺഫറൻസ് പ്രഖ്യാപനം കേരള ചാപ്റ്റർ പ്രസിഡന്റും ഓർഗനൈസിംഗ് ചെയർമാനുമായ ഡോ. സുനിൽ കെ മത്തായി നടത്തുന്നു. കേരള ചാപ്റ്റർ സെക്രട്ടറി ഡോ. ബിനോയ് സെബാസ്റ്റിയൻ സമീപം.

കൊച്ചി : മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം കൊച്ചിൻ ഗട്ട് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ സിൽവർ ജൂബിലി കോൺഫറൻസ് മാർച്ച് 4,5 തീയതികളിൽ നടക്കും. ഐഎംഎ ഹാളിൽ നടക്കുന്ന കോൺഫറൻസിന്റെ ഔപചാരിക ഉദ്ഘാടനം മാർച്ച് 4 ന് വൈകുന്നേരം ആറിന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. രമേഷ് നിർവ്വഹിക്കും. ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജി പ്രസിഡന്റ് പദ്ശ്രീ ഡോ. ടി.എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയായിരിക്കും.

സമ്മേളനത്തിൽ മുതിർന്ന അധ്യാപകർക്കും ഫാക്കൽട്ടി അംഗങ്ങൾക്കും അദേഹത്തിന്റെ നേതൃത്വത്തിൽ ഗുരുപ്രണാമമർപ്പിക്കും. കേരളത്തിലെ ഗ്യാസ്‌ട്രോഎൻട്രോളജി മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് പ്രഫ. വി. ബാലകൃഷ്ണന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകും.

രണ്ട് ദിവസമായി നടക്കുന്ന സിഎംഇയിൽ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ ഓങ്കോളജി കരൾ, പിത്താശയം, ചെറുകുടൽ,വൻകുടൽ, ആമാശയം, തുടങ്ങി ഉദരസംബന്ധമായ കാൻസർ കണ്ടുപിടിക്കുക, പ്രതിരോധിക്കുക, ചികിത്സിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും സെമിനാറുകളും നടക്കും. മുൻകരുതലുകൾ മുതൽ രോഗശമനം വരെയുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. യുവ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റുകൾക്കായി ആധുനിക എൻഡോസ്‌കോപ്പി നടപടികൾ വീഡിയോയിലൂടെ അവതരിപ്പിക്കും. ഇആർസിപി പരിശോധനയ്ക്കുള്ള പരിശീലനം, എൻഡോസ്‌കോപ്പിക് ടെക്‌നീഷ്യന്മാർക്കും വിദ്യാർഥികൾക്കും നേഴ്‌സുമാർക്കുമായി പുതിയ ഉപകരണങ്ങളെക്കുറിച്ചും പ്രവർത്തനരീതികളെക്കുറിച്ചുമുള്ള പരിശീലനവും ഇതോടൊപ്പം നടക്കും. നിരവധി പ്രബന്ധങ്ങളും അവതരിപ്പിക്കും. മുന്നൂറോളം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കും.

ജിഐ എൻഡോസ്‌കോപ്പിയിലെ നൂതന സാങ്കേതികവിദ്യകളിൽ ഇന്ത്യൻ സംഭാവന എന്ന വിഷയത്തെക്കുറിച്ച് ഐഎസ്ജി ദേശീയ പ്രസിഡന്റ് പദ്മശ്രീ ഡോ. ടി.എസ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തും. സിൽവർ ജൂബിലി സുവനീർ സൈനർജിയുടെ പ്രകാശനം ഐ.എസ്.ജി ദേശീയ പ്രസിഡന്റ് (ഇലക്ട്) ഡോ.നരേഷ് ഭട്ട് നിർവ്വഹിക്കും. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ പി.വി. ആന്റണി ആശംസകൾ അർപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ പ്രസിഡന്റും ഓർഗനൈസിംഗ് ചെയർമാനുമായ ഡോ. സുനിൽ കെ മത്തായി, ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ സെക്രട്ടറിയും, ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. ബിനോയ് സെബാസ്റ്റിയൻ എന്നിവർ പങ്കെടുത്തു.