25 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കാന്‍ ലുലു

Posted on: July 26, 2018

ലുലുവിന്റെ 151-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് ഒമാനിലെ ഇബ്രിയില്‍ ഇബ്രി ഗവര്‍ണര്‍ ഖലാഫ് ബിന്‍ സാലിം അല്‍ ഇഷാഖി ഉദ്ഘാടനം ചെയ്യുന്നു.

മസ്‌കറ്റ് : അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി 25 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അറിയിച്ചു. ഒമാനിലെ ഇബ്രിയില്‍ ലുലുവിന്റെ 151 -ാമത് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020 ഡിസംബര്‍ അവസാനത്തോടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം 175 ആകും. ഇപ്പോള്‍ 46,300- ലധികം ജീവനക്കാരാണ് ലുലുവിലുള്ളത്. ഇതില്‍ മലയാളികളായ 25,000 പേരടക്കം 28,500 പേരും ഇന്ത്യയില്‍ നിന്നാണ്. കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതോടു കൂടി ജീവനക്കാരുടെ എണ്ണം രണ്ടു വര്‍ഷത്തിനുള്ളില്‍ 70,000 ആകുമെന്നും യൂസഫലി പറഞ്ഞു.

ആസിയാന്‍ രാജ്യങ്ങളിലെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫിലിപ്പീന്‍സിലെ ഭക്ഷ്യസംസ്‌കരണ കേന്ദ്രം ഓഗസ്റ്റ്  ആദ്യവാരം തലസ്ഥാനമായ മനിലയില്‍ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ ഇന്തോനീഷ്യ, മലേഷ്യ, വിയ്‌നറ്റാം,തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ലുലുവിന് വിപുലമായ സാന്നിദ്ധ്യമുണ്ട്.

കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ലുലു സൈബര്‍ ടവര്‍, തൃപ്രയാറിലെ വൈമാള്‍ എന്നിവ മൂന്നു മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.

ഒമ്രാനിലെ ഇബ്രി ബവാദി മാളില്‍ 75,000 ചതുശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇബ്രി ഗവര്‍ണര്‍ ഖലാഫ് ബിന്‍ സാലിം അല്‍ ഇഷാഖി ഉദ്ഘാടനം ചെയ്തു.