സൗത്ത് ലൈവ് ന്യൂസ്

Posted on: December 1, 2014

SouthLive-Inaugration-Big

കൊച്ചി ആസ്ഥാനമായുള്ള സൗത്ത് ലൈവ് നെറ്റ് വർക്കസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സംരംഭമായ സൗത്ത്‌ലൈവ് ന്യൂസ് ഇന്ററാക്ടീവ് പ്രവർത്തനം തുടങ്ങി. കൊച്ചിയിൽനടന്ന ചടങ്ങിൽ സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയായ ഡോ. സെബാസ്റ്റിയൻ പോൾ പോർട്ടൽ സ്വിച്ച് ഓൺ ചെയ്തു. തിരക്കഥാ കൃത്ത് ജോൺപോൾ, മുതിർന്ന മാധ്യമപ്രവർത്തകൻ അപ്പുക്കുട്ടൻ വള്ളിക്കുന്ന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു തുടക്കം.

പുതിയ സാങ്കേതിക വിദ്യകൾ സ്വാംശീകരിക്കുമ്പോഴും വാർത്തയുടെ മൂല്യം നഷ്ടമാകാതെയുള്ള പ്രവർത്തനരീതിയായിരിക്കും സൗത്ത് ലൈവിനെന്ന് ഡോ. സെബാസ്റ്റിയൻ പോൾ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ പോലെ മാധ്യമ സെൻസർഷിപ്പ് ഇപ്പോൾ സാധ്യമല്ലെങ്കിലും നവമാധ്യമങ്ങളുടെ ഇടപടെലുകളെ നിയന്ത്രിക്കാനുള്ള ചില പരീക്ഷണങ്ങൾ നടക്കുന്ന കാലഘട്ടമാണിത്. അത്തരം നിയന്ത്രണങ്ങളെ മറികടക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സെബാസ്റ്റ്യൻപോൾ പറഞ്ഞു.

നാടിന്റെ യഥാർത്ഥ ചരിത്രത്തെ മാറ്റി പുതിയത് പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുമ്പോൾ ചരിത്രത്തെയും പൈതൃകത്തെയും ഓർമ്മിപ്പിക്കേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യമായി മാറുകയാണെന്ന് തിരക്കഥാകൃത്ത് ജോൺപോൾ പറഞ്ഞു.

അപ്പുക്കുട്ടൻ വള്ളിക്കുന്ന്, സൗത്ത് ലൈവ് ഡയറക്ടർ ബോർഡ് അംഗം വിനയ് കുമാർ, കെ. വേണുഗോപാൽ എന്നിവർ ആശംസാപ്രസംഗം നടത്തി. സൗത്ത് ലൈവ് കൺസൾട്ടന്റ് എഡിറ്റർ എ സഹദേവൻ അധ്യക്ഷത വഹിച്ചു. സൗത്ത് ലൈവ് മാനേജിഡ് ഡയറക്ടർ സാജ് കുര്യൻ സ്വാഗതവും എഡിറ്റർ ഇൻ ചീഫും സിഇഒയുമായി എംപി ബഷീർ നന്ദിയും പറഞ്ഞു. ചലച്ചിത്രപ്രവർത്തക കുക്കു പരമേശ്വരൻ, അഡ്വ ജയശങ്കർ, സൗത്ത് ലൈവ് ഡയറക്ടർ ബോർഡ് അംഗം ജോഷി സിറിയക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: SouthLive |