സുരക്ഷാ ആശങ്കകൾ ദൂരീകരിച്ചെന്ന് ഷവോ-മി ഇന്ത്യ

Posted on: November 3, 2014

Xiaomi-mi3-big

ഷവോ-മി ഫോൺ സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന ആശങ്ക അസ്ഥാനത്താണെന്ന് ഷവോ-മി ഇന്ത്യ അറിയിച്ചു. ഇന്ത്യൻ എയർഫോഴ്‌സിന്റെ എഫ് സെക്യുർ ഉന്നയിച്ച എല്ലാ ആശങ്കകളും ദൂരീകരിച്ചതായും കമ്പനി പറഞ്ഞു.

ഉപഭോക്താവിന്റെ സ്വകാര്യതയെ ഹനിക്കുന്നയാതൊന്നും ഷവോ -മി ഫോണിലില്ല. ഓപ്റ്റ് ഇൻ സെക്യുർ ഇന്റർനെറ്റ് സേവനമാണ് ഷവോ -മി ഫോണുകൾ ഉപഭോക്താവിന് നൽകുന്നത്. എം ഇ ക്ലൗഡ് യൂസർമാർക്ക് അവരുടെ ഡാറ്റ, ബാക്ക്അപ് ചെയ്യുന്നതിനുള്ള സൗകര്യവും, എസ് എം എസ് ഗേറ്റ്‌വേയ്ക്ക് പകരം ഐ പി യിലൂടെ കരിയർ ചാർജ് ഇല്ലാതെ മെസേജ് അയക്കാനുള്ള സൗകര്യവുമുണ്ട്. ഇവ ഓപ്റ്റ് ഇൻ ആയതിനാൽ വേണമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. ഉപയോക്താവിന് ഇത് ഏത് സമയത്തും ഓൺ ആക്കുകയോ ഓഫ് ആക്കുകയോ ചെയ്യാം. മറ്റ് ഇന്റർനെറ്റ് കമ്പനികളിൽ നിന്നും ഗൂഗിൾ, വാട്‌സ് ആപ്, ഡ്രോപ്പ് ബോക്‌സ് എന്നിവയിൽ നിന്നും സമാനമായ സേവനങ്ങൾ ഓപ്റ്റ് ചെയ്യാം.

എം.ഇ ക്ലൗഡ്, ക്ലൗഡ് മെസേജിംഗ് എന്നീ സേവനങ്ങളുമായി ബന്ധപ്പെട്ട ഒരു ഡാറ്റയും
തങ്ങൾ സംഭരിക്കുന്നില്ലെന്നു കമ്പനി അറിയിച്ചു. ഷവോ -മി സെർവറുകളിൽ ഡാറ്റ പൂർണ സുരക്ഷിതവുമാണ്. ഒരു സമയ പരിധിക്കപ്പുറം അവ സ്‌റ്റോർ ചെയ്യപ്പെടുന്നുമില്ല. എ ഇ എസ് 128 സ്റ്റാൻഡേർഡ് ഉപയോഗിച്ച് ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നതിനാൽ  ഇവയുടെ മോഷണം പൂർണമായും തടയപ്പെടുന്നു. പാസ്‌വേഡുകൾ, ക്രിപ്‌റ്റൊഗ്രാഫിക് വൺവേ ഹാഷ് ഫംഗ്ഷനുകൾ ഉപയോഗിച്ച് സംരക്ഷിക്കുന്നതിനാൽ യഥാർത്ഥ വിവരങ്ങൾ ഒരിക്കലും മറ്റൊരാൾക്ക് ലഭ്യമാവുകയില്ല. ഇന്ത്യൻ ഉപഭോക്താക്കളുടെ താത്പര്യം മാനിച്ച് ഡാറ്റ സ്‌റ്റോർ ചെയ്യുന്നതിനു ഇന്ത്യയിൽ പ്രാദേശിക ഡാറ്റ സെന്റർ ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഷവോ-മി ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യൻ ഉപഭോക്താവിന്റെ ഡാറ്റ, ബീജിംഗ് ഡാറ്റ സെന്ററുകളിൽ നിന്നും സിംഗപ്പൂർ സെന്ററുകളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. 2014 അവസാനത്തോടെ ഇത് പൂർത്തിയാകും. ഇന്ത്യൻ ഉപഭോക്താവിന്റെ ആശങ്കകൾ ദൂരീകരിക്കുന്നതിനാണ് കമ്പനി മുൻഗണന നൽകുന്നത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, കിംഗ്‌സോഫ്റ്റ്, മോട്ടോറോള, യാഹു, എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് ഷവോ-മിയിലുള്ളത്. എം.ഐ 3, റെഡ് മി, എം.ഐ.ടി വി, എം ഐ ബോക്‌സ്, എം ഐ ഫോൺസ്, എം ഐ ഡിവൈസസ് എന്നിവ ഉത്പന്ന ശ്രേണിയിൽ ഉൾപ്പെടുന്നു.